Loading...
DGS Dhinakaran

ക്രിസ്തുവിന്റെ കൃപയുള്ള വാക്കുകൾ!!

Bro. D.G.S Dhinakaran
05 Dec
പലപ്പോഴും അനന്തരഫലങ്ങളെപ്പറ്റി ചിന്തിക്കാതെ നാം ആവേശപൂർവ്വം സംസാരിക്കാറുണ്ട്. പിന്നീട്, അങ്ങനെ സംസാരിക്കരുതായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴേക്കും നാം വൈകിപ്പോയിരിക്കും. അപ്പോൾ നാം സാഹചര്യങ്ങളെ പഴിക്കുന്നു. ‘‘മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും’’ എന്ന് സദൃശവാക്യങ്ങൾ 18:21 പറയുന്നു. 

ദരിദ്രർക്ക് സുവിശേഷം അറിയിക്കുവാൻ യേശു അഭിഷേകം ചെയ്യപ്പെട്ടിരുന്നു. ‘‘ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ’’ (സദൃശവാക്യങ്ങൾ 16:24). യേശുവിന്റെ വാക്കുകൾ കൃപയും ആശ്വാസവും നിറഞ്ഞതായിരുന്നു. രണ്ടായിരം വർഷങ്ങൾക്കുമുൻപ് യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ നാലുപേർ ചേർന്ന് പക്ഷവാതം പിടിപെട്ട ഒരാളെ കർത്താവിന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ സൌഖ്യമാക്കുവാൻ യേശുവിന് കഴിയും എന്ന് അവർ പൂർണ്ണമായി വിശ്വസിച്ചിരുന്നു. ‘‘മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു’’ എന്ന് 1 ശമൂവേൽ 16:7 പറയുന്നു. ആൾക്കൂട്ടം നിമിത്തം യേശുവിന്റെ അടുക്കൽ എത്തുവാൻ കഴിയാതിരുന്നതിനാൽ, അവർ യേശു ഇരുന്ന മുറിയുടെ മേൽക്കൂര പൊളിച്ച്, അതിലൂടെ പക്ഷവാതം പിടിച്ച മനുഷ്യനെ കട്ടിലോടുകൂടെ യേശുവിന്റെ അടുക്കൽ ഇറക്കിവെച്ചു. ആ മനുഷ്യന്റെ പാപം നിറഞ്ഞ ജീവിതം കർത്താവിന് അറിയാമായിരുന്നു. എങ്കിലും അവനെ കണ്ടപ്പോൾ യേശുവിന്റെ മനസ്സലിഞ്ഞു. ‘‘മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു’’ എന്നുപറഞ്ഞു അവനെ സൌഖ്യമാക്കി (മത്തായി 9:6; മർക്കൊസ് 2:5). പാപം ക്ഷമിക്കുന്നതിനുള്ള അധികാരം മനുഷ്യപുത്രന് നല്കപ്പെട്ടിരിക്കുന്നു എന്ന് ജനങ്ങൾ അറിയേണ്ടതിനാണ് യേശു അങ്ങനെ പ്രസ്താവിച്ചത്. അവന്റെ വാക്കുകൾ ജ്ഞാനം നിറഞ്ഞതായിരുന്നു. ‘‘ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു’’  എന്ന് വേദപുസ്തകം പറയുന്നു (സദൃശവാക്യങ്ങൾ 16:23).
മനുകുലത്തെ കുറ്റംവിധിക്കുവാനല്ല യേശു ഈ ലോകത്തിൽ വന്നത്. രോഗികളെ സൌഖ്യമാക്കുകയും പിശാചിന്റെ ശക്തി തകർക്കുകയും ചെയ്യുക എന്നതായിരുന്നു അവന്റെ വരവിന്റെ ഉദ്ദേശം. നാം പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരിക്കുമ്പോൾ നാം സംസാരിക്കുന്ന വാക്കുകൾ കൃപയുള്ളതും മറ്റുള്ളവർക്ക് ആശ്വാസം നൽകുന്നതുമായിരിക്കും. നമ്മുടെ കർത്താവായ യേശു ദൈവത്തിന്റെ ആത്മാവിനാൽ നിറയപ്പെട്ടവനായിരുന്നു. ‘‘ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു’’ എന്ന് റോമർ 10:10 പറയുന്നു. കർത്താവിന്റെ അടിപ്പിണരുകളാൽ നമുക്ക് സൌഖ്യം വന്നിരിക്കുന്നു എന്ന് നാം ഏറ്റുപറയുമ്പോൾ നാം സൌഖ്യം പ്രാപിക്കും. പ്രിയപ്പെട്ടവരേ, നാം പാപികളായിരുന്നാലും രോഗികളായിരുന്നാലും ‘എന്റെ മകനേ/ എന്റെ മകളേ, നീ എന്റെ അടുക്കൽ വരിക’ എന്ന് കർത്താവ് സ്നേഹത്തോടെ നമ്മെ വിളിക്കുന്നു. എല്ലാവരെയും കർത്താവ് സ്നേഹിക്കുന്നു. ഈ സന്ദേശം വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളെയും അനുഗ്രഹിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. ഇന്ന് നിങ്ങളുടെ അപേക്ഷകളും അവനെ അറിയിക്കുവിൻ! അതെ! കർത്താവ് തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും.
Prayer:
പരിശുദ്ധ പിതാവേ, 

എന്നെ രക്ഷിക്കുവാനായി അങ്ങ് കർത്താവായ യേശു ക്രിസ്തുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചുവല്ലോ. അതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സ്നേഹം വർണ്ണിക്കുവാൻ എനിക്ക് വാക്കുകളില്ല. എന്നെ അങ്ങയുടെ പാദത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ. അങ്ങ് എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിറവേറ്റി തരേണമേ. അങ്ങയുടെ തിരുസാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം! 

എന്റെ രക്ഷകനായ യേശു ക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. കൃപയോടെ കേൾക്കേണമേ.

ആമേൻ.

1800 425 7755 / 044-33 999 000