Loading...
Paul Dhinakaran

ജീവന്റെ അപ്പമായ ക്രിസ്തു!!

Dr. Paul Dhinakaran
18 Apr
വേദപുസ്തകത്തിൽ  ലൂക്കൊസ് 22-ാം അദ്ധ്യായത്തിൽ പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനെക്കുറിച്ച് നാം വായിക്കുന്നു. പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്ന് ഇതെക്കുറിച്ച് 7-ാം വാക്യത്തിൽ നാം വായിക്കുന്നു. പെസഹ ആചരിക്കുവാനായി കർത്താവ് ശിഷ്യന്മാരോടൊപ്പം പോയി. അന്ത്യഅത്താഴത്തിനിരുന്നപ്പോൾ മനുഷ്യരാശിക്കുവേണ്ടി താൻ അനുഭവിക്കുവാൻ പോകുന്ന കഷ്ടതകളെക്കുറിച്ച് കർത്താവ് ഓർത്തു. അതിനായി അവൻ തന്നെ ദൈവഹിതത്തിന് സമർപ്പിച്ചു. അവൻ അപ്പവും പാനപാത്രവും എടുത്ത് വാഴ്ത്തി, ശിഷ്യന്മാർക്ക് കൊടുത്തു. ഇത് എന്റെ ശരീരവും എന്റെ രക്തവുമാകുന്നു; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്വിൻ എന്ന് ശിഷ്യന്മാരോട് പറഞ്ഞു (ലൂക്കൊസ് 22:1-23).

അതിനുശേഷം അവൻ ഒലിവുമലെക്കു പുറപ്പെട്ടുപോയി. അവൻ ഗെത്ത്ശെമന തോട്ടത്തിൽ വെച്ച് ‘‘പിതാവേ നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടംതന്നേ ആകട്ടെ’’ എന്ന് പിതാവിനോട് പ്രാർത്ഥിച്ചു (ലൂക്കൊസ് 22:42), തന്നെത്തന്നെ ദൈവഹിതത്തിനായി, നമ്മുടെ വിമോചനത്തിനായി സമർപ്പിച്ചു. അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി (ലൂക്കൊസ് 22:44). അവിടെവെച്ച് അവന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന യൂദാ അവനെ ഒറ്റിക്കൊടുത്തു. ഗെത്ത്ശെമന തോട്ടത്തിൽ വെച്ച് കർത്താവായ യേശുവിന്റെ ഹൃദയം മരണവേദനയാൽ പിടഞ്ഞപ്പോഴും അവൻ ‘‘പിതാവേ, ... എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടംതന്നേ ആകട്ടെ’’ എന്ന് തന്റെ പിതാവിന്റെ ഹിതത്തിന് തന്നെ സമർപ്പിച്ച് പ്രാർത്ഥിച്ചു. തന്നെത്തന്നെ ദൈവഹിതത്തിനായി, നമ്മുടെ വിമോചനത്തിനായി അവൻ സമർപ്പിച്ചു. അപ്പോൾ അവനെ ആശ്വസിപ്പിക്കുവാനായി ദൈവദൂതൻ അവിടെ വന്നു. 
പ്രിയപ്പെട്ടവരേ, നിങ്ങളെ സഹായിക്കുവാൻ യേശു ഇന്നും ജീവിക്കുന്നു. ഓരോ മനുഷ്യന്റെയും കഷ്ടതകൾ തന്റെമേൽ ചുമന്ന് യേശു ദൈവഹിതം നിറവേറ്റി. അവൻ പിതാവിന്റെ ഹിതത്തിന് വഴങ്ങി, സ്വമനസ്സാലെ കുരിശുമരണം വരിച്ചു. നിങ്ങൾക്കുവേണ്ടി അവൻ കുരിശിൽ ഏകാന്തത അനുഭവിച്ചു, അതിവേദന സഹിച്ചു! കുറ്റമറ്റ പെസഹകുഞ്ഞാടായി അവൻ നമുക്കുവേണ്ടി തന്നെ സമർപ്പിച്ചു! ‘‘ഞാൻ ജീവന്റെ അപ്പം ആകുന്നു’’ (യോഹന്നാൻ 6:35) എന്ന് അരുളിച്ചെയ്തിരിക്കുന്ന കർത്താവിന്റെ വലിയ സ്നേഹം നമുക്ക് ഇവിടെ കാണുവാൻ സാധിക്കും! വർണ്ണിക്കാനാവാത്ത സ്നേഹം! ആ സ്നേഹം നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്നുതന്നെ നിങ്ങളെ ദൈവസന്നിധിയിൽ താഴ്ത്തി സമർപ്പിക്കുക! നിങ്ങൾക്കു വേണ്ടി തന്നെ യാഗമായി സമർപ്പിച്ച കർത്താവ് ഇരുകരങ്ങളും നീട്ടി നിങ്ങളെ സ്വീകരിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല!
Prayer:
സ്നേഹവാനായ കർത്താവേ,  

എന്നെ വീണ്ടെടുക്കുവാനായി അങ്ങ് സഹിച്ച കഷ്ടതകളെ ഞാൻ ഓർക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, അങ്ങയുടെ അടിച്ചുവടുകളെ പിൻപറ്റി, അങ്ങയുടെ പൈതലായി ജീവിപ്പാൻ എനിക്ക് കൃപ നൽകേണമേ. അങ്ങയുടെ കുരിശിന്റെ ചുവട്ടിൽ ഞാൻ അഭയം പ്രാപിക്കുന്നു. 

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000