Loading...
Stella dhinakaran

കുരിശിലെ അളവറ്റ സ്നേഹം!!

Sis. Stella Dhinakaran
19 Apr
ഇന്ന് ദുഃഖവെള്ളിയാഴ്ച! ലോകമെങ്ങും ക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദിവസം! മാനവജാതിക്കുവേണ്ടി യേശുക്രിസ്തു മരണം ആസ്വദിച്ച ദിനം! ഇതെക്കുറിച്ച് നമുക്ക് അല്പം ധ്യാനിക്കാം. 

നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ സ്നേഹം കുരിശിൽ വെളിപ്പെട്ടു. പാപികൾ മാനസാന്തരപ്പെട്ട്, സ്വർ‘രാജ്യത്തിന് അവകാശികളായി തീരേണ്ടതിന് കുരിശിലെ തന്റെ സ്നേഹത്താൽ അവൻ നമുക്ക് വഴിയൊരുക്കിയിരിക്കുന്നു. നമുക്ക് സൌഖ്യമേകുവാനായി നമ്മുടെ പാപങ്ങളും അക്രമങ്ങളും അവന്റെ ശരീരത്തിൽ ചുമത്തപ്പെട്ടു.

ഇതാണ്  ദുഃഖവെള്ളിയാഴ്ചയായി നാം ആചരിക്കുന്നത്. അതുകൊണ്ട് മാത്രം കാര്യമില്ല. ഓരോ ദിവസവും കർത്താവിന്റെ ത്യാഗവും സ്നേഹവും ഓർമ്മിച്ച്, ദൈവമുൻപാകെ നിങ്ങളെ താഴ്ത്തി, ‘‘കർത്താവേ, എനിക്കായി അങ്ങ് കുരിശിൽ അങ്ങയെ സമർപ്പിച്ചുവല്ലോ. അങ്ങേയ്ക്കായി ഞാൻ എന്നെ സമർപ്പിക്കുന്നു’’ എന്ന് നിങ്ങൾ ദൈവമുൻപാകെ നിങ്ങളെ സമർപ്പിക്കുന്പോൾ അവൻ നിങ്ങളുടെ കണ്ണുനീർ തുടയ്ക്കും. നിങ്ങളുടെ ഭാരങ്ങളെല്ലാം അവൻ മാറ്റിത്തരും. അവന്റെ സ്നേഹത്താൽ നിങ്ങളുടെ ജീവിതം തലകീഴായി മാറും. നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കുരിശിലെ ത്യാഗമോർത്ത്, നമ്മുടെ ആവശ്യങ്ങൾ അവനിൽ അർപ്പിക്കുന്പോൾ അവൻ നിങ്ങളെ നയിക്കും.

നിങ്ങൾ രോഗത്താൽ കഷ്ടപ്പെടുന്പോൾ കുരിശിലെ കർത്താവിന്റെ ത്യാഗം ഓർത്തുകൊൾക. കർത്താവിന്റെ കുരിശിലെ വേദനകൾ ഓർമ്മിച്ച്, നാം നമ്മുടെ ആവശ്യങ്ങൾക്കായി അവനോട്  യാചിക്കുന്പോൾ തീർച്ചയായും അവൻ നമ്മുടെ അപേക്ഷകൾ കേൾക്കും. അതുകൊണ്ടാണ് ഈ കാലങ്ങളിൽ അനേകർ ഉപവസിച്ച് പ്രാർത്ഥിക്കുന്നത്. എന്നാൽ അതിന്റെ ശരിയായ അർത്ഥം അനേകർ മനസ്സിലാക്കുന്നില്ല. പ്രിയപ്പെട്ടവരേ, കർത്താവിന്റെ കുരിശിലെ ത്യാഗമോർത്ത് നിങ്ങളെയും അവനായി സമർപ്പിക്കുവിൻ. അപ്പോൾ നിങ്ങൾ സമൃദ്ധിയായ അനുഗ്രഹങ്ങൾ പ്രാപിക്കും. 

രോഗബാധിതയായിത്തീർന്ന ഒരു സ്ത്രീ, കുടുംബാംഗങ്ങളാൽ തള്ളപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ഏകാകിയായി കഴിയുകയായിരുന്നു. കയ്യിൽ പണമില്ല, ശരീരത്തിൽ സൌഖ്യവുമില്ല. ഞാൻ എങ്ങനെ ജീവിക്കും? എന്ന്  അവൾ വ്യാകുലപ്പെട്ടു. ഒരു ദിവസം അവൾ വേദപുസ്തകം എടുത്ത് ഭയഭക്തിയോടുകൂടെ വായിക്കുകയായിരുന്നു. അപ്പോൾ, ‘‘അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു’’ (യെശയ്യാവു 53:5) എന്ന വചനം അവളുടെ ദൃഷ്ടിയിൽപ്പെട്ടു. ആ വചനം അവളോട് സംസാരിക്കുവാൻ തുടങ്ങി. എനിക്കുവേണ്ടി ഇത്രയധികം ത്യാഗങ്ങൾ സഹിച്ച യേശു ഉള്ളപ്പോൾ ഞാൻ എന്തിന് ഭാരപ്പെടണം എന്ന ചിന്ത അവളുടെ ഹൃദയത്തിൽ ഉടലെടുത്തു. അന്നുമുതൽ അവൾ കർത്താവിനെ മുറുകെ പിടിക്കുവാൻ തുടങ്ങി. നമ്മുടെ കർത്താവ്  പ്രാർത്ഥന കേൾക്കുന്നവനാണല്ലോ. കർത്താവ് അവൾക്ക് പരിപൂർണ്ണസൌഖ്യം നൽകി. ഒപ്പം നല്ല ഒരു ജോലിയും. കർത്താവ് അവളെ ഉന്നത നിലയിലേക്ക് ഉയർത്തി. അവളെ ഉപേക്ഷിച്ച് പോയ ബന്ധുക്കൾ അവളെ അന്വേഷിച്ച് വന്നു. തന്നെ ഉപേക്ഷിച്ചവരോട് വൈരാഗ്യം വെച്ചുപുലർത്താതെ, ക്രിസ്തുവിന്റെ സ്നേഹത്താൽ നിറഞ്ഞ് തന്നാൽ കഴിയുന്ന സഹായങ്ങൾ അവർക്ക് ചെയ്തു. ദൈവത്തിന്റെ സ്നേഹം തന്നിലൂടെ അവൾ വെളിപ്പെടുത്തി.
അതെ പ്രിയപ്പെട്ടവരേ, ക്രിസ്തു കാൽവരി കുരിശിൽ വെളിപ്പെടുത്തിയ സ്നേഹത്തെക്കുറിച്ച് എപ്പോഴും ഓർക്കുക! ആ സ്നേഹത്തിൽ ജീവിക്കുക! നമ്മുടെ കർത്താവായ യേശു മനുകുലത്തിന്റെ വിടുതലിനായി തന്നെത്തന്നെ കുരിശിൽ അവൻ സമർപ്പിച്ചു. നമുക്ക് സൌഖ്യം നൽകുവാനായി അവൻ എല്ലാ വേദനകളും തന്റെ ശരീരത്തിൽ വഹിച്ചു. ഇന്ന് നിങ്ങൾ ഹൃദയം തകർന്നവരായി, ഈ ലോകത്തിൽ ഇനി ആശയ്ക്ക് വഴിയില്ല എന്ന് പ്രത്യാശയറ്റവരായി കാണപ്പെടുന്നുവോ? നിങ്ങളുടെ വേദനകളും ഹൃദയഭാരങ്ങളും അറിയുന്നവനായ ഒരു കർത്താവ് നമുക്കുണ്ട്. അവൻ ഇന്നും ജീവിക്കുന്നു. അവൻ നിങ്ങളുടെ രോഗങ്ങളും ഭാരങ്ങളും നീക്കുവാൻ മതിയായവനാണ്. ആയതിനാൽ കർത്താവിൽ പൂർണ്ണമായും വിശ്വസിപ്പിൻ! നിങ്ങളുടെ വേദനകളും ഭാരങ്ങളുമെല്ലാം അവന്റെ പാദത്തിങ്കൽ സമർപ്പിക്കുവിൻ! കർത്താവ് നിങ്ങളോട് കരുണ കാണിക്കും. 
Prayer:
സ്നേഹവാനായ കർത്താവേ, 

കാൽവരി കുരിശിൽ അങ്ങയുടെ ശരീരത്തിൽ ഏല്പിക്കപ്പെട്ട മുറിവുകൾ എത്രയോ ഭയങ്കരമാണ്. എന്റെ ദേഹം, ദേഹി, ആത്മാവിലുള്ള സകല മുറിവുകളെയും സൌഖ്യമാക്കുവാൻ അങ്ങയുടെ അടിപ്പിണരുകൾക്ക് കഴിയും എന്ന് എനിക്ക് പൂർണ്ണവിശ്വാസമുണ്ട്. അത് അനുഭവസ്ഥമാക്കുന്നതിനുള്ള കൃപ എനിക്ക്  നൽകേണമേ. എന്റെ വേദനകളെല്ലാം അങ്ങ് മാറ്റിത്തരേണമേ. എന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000