Loading...

കരുതുന്നവനായ ദൈവം!!

Bro. D.G.S Dhinakaran
06 Feb
നിങ്ങളുടെ സമാധാനത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങൾ ഇന്ന്  നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാം. തന്മൂലം നിങ്ങൾ ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോകുകയാവാം. എങ്കിലും വ്യാകുലപ്പെടാതിരിപ്പിൻ! നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് കർത്താവായ യേശുവാണ്.  ‘‘അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ’’ (1 പത്രോസ് 5: 7) എന്ന് വേദപുസ്തകം പറയുന്നു. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളോർത്ത്  വിഷമിക്കുന്നത് അവസാനിപ്പിച്ചിട്ട്  പ്രാർത്ഥനയിലൂടെ യേശുവിങ്കലേക്ക്  നോക്കുക. അവൻ പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന ദൈവമാണ്.

അമേരിക്കയിലെ മിനസോട്ടയിൽ 1876 ലെ വേനൽക്കാലത്ത്  വെട്ടുക്കിളികൾ വലിയ കൂട്ടമായി വന്നിറങ്ങി വിളകളെല്ലാം നശിപ്പിച്ചു. അടുത്ത വർഷം അതേ സമയമായപ്പോൾ വെട്ടുക്കിളികൾ വീണ്ടുംവരുമോ എന്ന ഭയം എല്ലാവരിലും ഉണ്ടായി. അതിനാൽ, 1877 ഏപ്രിൽ 26-ാം തീയതി എല്ലാവരും ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന്  ഗവർണർ ജോൺ .എസ്. പിൽസ്ബറി ഉത്തരവിറക്കി. ദൈവീക സംരക്ഷണത്തിനായി പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. ആ ദിവസം ആഗതമായി! അന്ന്  സ്കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും അടച്ചിരുന്നു. ഒരു ദൈവീക ഇടപെടലിനായി ജനങ്ങൾ പ്രാർത്ഥിച്ചു. അടുത്ത മൂന്ന് ദിവസങ്ങൾ നല്ല ചൂട് അനുഭവപ്പെട്ടു.  അത് വെട്ടുക്കിളികളുടെ കൂടുതൽ ലാർവ്വകൾ വിരിയുവാൻ കാരണമായിത്തീർന്നു. തങ്ങളുടെ ഉപവാസ പ്രാർത്ഥനക്ക് ദൈവം ഉത്തരം നൽകാത്തത് എന്തുകൊണ്ടാണെന്ന്  ജനങ്ങൾ ചിന്തിക്കുവാൻ തുടങ്ങി. നാലാം ദിവസം പെട്ടെന്ന് താപനില വളരെയധികം കുറഞ്ഞു.  മിനസോട്ട സംസ്ഥാനം മുഴുവൻ മഞ്ഞുവീഴ്ചയുണ്ടായി. അതിനാൽ വെട്ടുക്കിളികളെല്ലാം പറന്നുപോയി.അങ്ങനെ ദൈവം അവരെ രക്ഷിച്ചു. 
നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി നൽകുന്ന വിധം എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രാർത്ഥിക്കുന്നത് ഒരു രാജാവോ ഒരു ചെറിയ കുട്ടിയോ ആയിക്കൊള്ളട്ടെ, എല്ലാ അപേക്ഷകൾക്കും ഉത്തരം നൽകുന്നതിൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് സന്തോഷിക്കുന്നു. എന്തുകൊണ്ടാണ്  നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്്? അങ്ങനെ ഒരിക്കലും ആകരുത്. നിങ്ങളുടെ ലക്ഷ്യസ്ഥാനം യേശുവാണ്. ‘‘നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല’’ (സങ്കീർത്തനങ്ങൾ 55:22) എന്ന് വേദപുസ്തകം പറയുന്നു. നിങ്ങളുടെ ഭാരങ്ങൾ കർത്താവിൽ സമർപ്പിക്കുവാൻ നിങ്ങളുടെ ഹൃദയം തയ്യാറാണോ? ദൈവത്തിന്റെ ആർദ്രമായ കരുതലിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ അസ്വസ്ഥതകളും അസുഖകരമായ സാഹചര്യങ്ങളും തുടച്ചുമാറ്റുക. അവൻ നിങ്ങളെ സ്നേഹിക്കുന്നു. അവൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട് (മത്തായി 28: 20).
Prayer:
സ്നേഹവാനായ കർത്താവേ, 

എന്റെ ഭാരങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. എല്ലാവറ്റെയും ഞാൻ അങ്ങയുടെ പാദത്തിങ്കൽ ഇറക്കി വെയ്ക്കുന്നു. കർത്താവേ, എന്നോട് കൃപ തോന്നേണമേ. ഈ പ്രശ്നങ്ങളിൽ നിന്ന് എന്നെ വിടുവിക്കേണമേ. അങ്ങല്ലാതെ എനിക്ക് വേറെയാരും ആശയ്രമില്ല. അങ്ങയുടെ സാന്നിദ്ധ്യത്താൽ എന്നെ വഴി നടത്തേണമേ. 

എല്ലാ മഹത്വവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ. 

For Prayer Help (24x7) - 044 45 999 000