Loading...
Dr. Paul Dhinakaran

ശക്തിയുടെ ആത്മാവ് നിങ്ങളിൽ!!

Dr. Paul Dhinakaran
12 Jul
‘‘ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടുകൂടെയുണ്ട്’’ എന്ന് വേദപുസ്തകത്തിലുടനീളം കർത്താവ് പറയുന്നു. മനുഷ്യരാശിയുടെ ചരിത്രത്തിലുടനീളം, ദൈവത്തിങ്കലേക്ക് മനുഷ്യൻ അടുക്കുന്നത് തടയുവാൻ പിശാച് ഉപയോഗിക്കുന്ന ഭയാനകമായ ആയുധമാണ് ഭയം എന്ന് ഇത് കാണിക്കുന്നു. ഭയം നിങ്ങളുടെ ജീവിതത്തിൽ വേരുറപ്പിക്കുവാൻ ഒരിക്കലും അനുവദിക്കരുത്. കാരണം, ദൈവം നിങ്ങൾക്ക് ഭയത്തിന്റെ ആത്മാവിനെല്ല നൽകിയിരിക്കുന്നത് എന്ന് എപ്പോഴും നിങ്ങൾ ഓർമ്മിക്കണം. അവൻ നിങ്ങളിൽ ശക്തിയേറിയ ഒരു ആത്മാവിനെ നിക്ഷേപിച്ചിരിക്കുന്നു! ഈ തിരിച്ചറിവാണ് നിങ്ങൾക്ക് വിജയം നല്കുന്ന വാൾ.

ദാവീദിനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. യുദ്ധത്തിനു പോയിരുന്ന തന്റെ സഹോദരന്മാരുടെ സുഖവിവരങ്ങൾ അന്വേഷിച്ചറിയുന്നതിനായി ദാവീദ് പാളയത്തിലെത്തിയ ദാവീദ്, അവിടെ ഫെലിസ്ത്യനായ ഗൊല്യാത്ത് യിസ്രായേൽജനങ്ങളെ വെല്ലുവിളിക്കുന്നതും സർവ്വശക്തനായ ദൈവത്തെ നിന്ദിക്കുന്നതും കണ്ടു. ഗൊല്യാത്തിനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഭയന്ന് ഓടി. ദാവീദ് ഒരിക്കലും തന്റെ ശത്രുക്കളെ ഭയന്നിരുന്നില്ല. ദാവീദ് അവന്റെനേരെ ചെന്നു. മിനുസമുള്ള അഞ്ച് കല്ലും കവിണയുമായാണ് ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെതിരായി അവൻ യുദ്ധത്തിന് പുറപ്പെട്ടത്. ഇതുകണ്ട ഗൊല്യാത്ത് അവനെ കളിയാക്കി. ദാവീദ് അവനോട് ഇപ്രകാരം പറഞ്ഞു: ‘‘നീ വാളും കുന്തവും വേലുമായി എന്റെനേരെ വരുന്നു. ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെനേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കൈയ്യിൽ ഏല്പിക്കും.... യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും.’’ (1 ശമൂവേൽ 17:45-47). എത്ര ധൈര്യത്തോടെയാണ് ദാവീദ് പറയുന്നതെന്ന് നോക്കൂ! ഗൊല്യാത്ത് ബലശാലിയും ധൈര്യശാലിയുമായിരുന്നു. ഭീകരരൂപിയും പടച്ചട്ടകളെല്ലാം അണിഞ്ഞിരുന്നവനുമായ ആ മല്ലന്റെ നെറ്റിയിൽ മാത്രമാണ് കവചമില്ലാതിരുന്നത്. ആ സ്ഥാനമായിരുന്നു ദാവീദിന്റെ ലക്ഷ്യം. ദാവീദ് ഒരു കല്ലെടുത്ത് കവിണയിൽവെച്ചു ഫെലിസ്ത്യന്റെ നെറ്റിക്കുനേരെ എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽകൊണ്ടു. ഗൊല്യാത്ത് കവിണ്ണുവീണു. വാളുകൊണ്ടല്ല, കല്ലും കവിണയുംകൊണ്ട് അവൻ ശത്രുവിനെ ജയിച്ചു.
അങ്ങനെ ചെയ്യുവാൻ ദാവീദിന് എങ്ങനെ സാധിച്ചു? അവനിലുണ്ടായിരുന്ന ദൈവാത്മാവിനാലാണ് ഇതെല്ലാം സാദ്ധ്യമായത്. ‘‘ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു’’ എന്ന്  2 തിമൊഥെയൊസ് 1:7 പറയുന്നു. ദാവീദിന്റെ കയ്യിലുണ്ടായിരുന്ന ചെറിയ ആയുധം ഭയമില്ലാതെ ഉപയോഗിച്ചതിനാൽ ദൈവം അവന് വിജയം നൽകി. അതെ! നമ്മുടെ വിജയത്തിനുള്ള കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി തീരുമാനിച്ച് വെച്ചിരിക്കുന്നവനാണ് നമ്മുടെ ദൈവം! പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളുടെ ജീവിതത്തിലും പലവിധമായ പോരാട്ടങ്ങൾ പിശാച് കൊണ്ടുവന്നേക്കാം. എന്നാൽ ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനാൽ നിങ്ങളെ നിറച്ചിരിക്കുന്ന കർത്താവിൽ ആശയ്രിച്ചുകൊണ്ട് മുൻപോട്ട് പോകുവിൻ! അപ്പോൾ ശത്രുവിന്മേൽ ജയംനേടി മുൻപോട്ട് പോകുവാൻ ദൈവം നിങ്ങളെ സഹായിക്കും!
Prayer:
കരുണാസന്പന്നനായ കർത്താവേ, 

ഇത്രത്തോളം അങ്ങ് എന്നെ വഴിനടത്തിയതിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. കർത്താവേ, അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കേണമേ. എല്ലാ ഭയത്തിൽനിന്നും എന്നെ വിടുവിക്കേണമേ. ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനാൽ നിറച്ച്, ഈ ലോകത്തിൽ അങ്ങേയ്ക്ക് സാക്ഷിയായി ജീവിപ്പാനും  ദൈവരാജ്യത്തിനായി ആത്മാക്കളെ നേടുവാനും എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

1800 425 7755 / 044-33 999 000