Loading...
DGS Dhinakaran

ജയം നൽകുന്ന ദൈവം!!

Bro. D.G.S Dhinakaran
07 Dec
വേദപുസ്തകത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ദാവീദ് രാജാവ്. സന്തോഷവും വേദനകളും മാറിമറിഞ്ഞതായിരുന്നു അവന്റെ ജീവിതം. ആട്ടിടയനായ ദാവീദ്, സങ്കീർത്തനക്കാരനായ ദാവീദ്, ഭക്തനായ ദാവീദ്, ജയാളിയായ ദാവീദ് എന്നെല്ലാം അവൻ അറിയപ്പെട്ടിരുന്നു. അവന്റെ ജീവിതം നമ്മോട് വളരെയധികം കാര്യങ്ങൾ സംസാരിക്കുന്നു. ഒരു ആട്ടിടയബാലനെ ദൈവം യിസ്രായേലിന്റെ രാജാവാക്കി മാറ്റി. ദാവീദ് ദൈവത്തെ ഭയന്ന് ജീവിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു. അവൻ എപ്പോഴും ദൈവത്തെ തന്റെ മുന്പാകെ വെച്ചിരുന്നു എന്ന് വേദപുസ്തകത്തിൽ വായിക്കുന്നു. അതുകൊണ്ടാണ് അവൻ ചെയ്ത എല്ലാ കാര്യങ്ങളിലും ദൈവം അവന് വിജയം നൽകിയത്. 

ഡൽഹിയിൽ ജോലി ചെയ്തിരുന്ന ഒരു സഹോദരന്റെ ഭാര്യ ഒരിക്കൽ വളരെ ഭാരത്തോടുകൂടെ എന്നെ കാണുവാൻ വന്നു. തന്റെ കുടുംബം ചെന്നൈയിൽ താമസിക്കുന്നതിനാൽ ഭർത്താവിന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമെന്ന് എന്നോട് പറഞ്ഞു. ഞാൻ ഭാരത്തോടെ പ്രാർത്ഥിക്കുകയും ചെയ്തു. ആ സമയത്ത് എനിക്ക് പെട്ടെന്ന് ഡൽഹിയിൽ പോകേണ്ട ഒരു ആവശ്യമുണ്ടായി. ഡൽഹിയിൽ ഒരു മന്ത്രിയും ഭാര്യയും എന്നെ കാണുവാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. ആ മന്ത്രിയെ സന്ദർശിച്ചപ്പോൾ ഈ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിനുള്ള അപേക്ഷയും ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. ആ ഉദ്യോഗസ്ഥൻ ജോലി ചെയ്തിരുന്ന വകുപ്പിന്റെ കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. എന്റെ അപേക്ഷ പരിഗണിച്ച് മന്ത്രി സ്ഥലംമാറ്റത്തിന് ഉടനെ ഉത്തരവ് നൽകി. ആ കുടുംബം വളരെയധികം സന്തോഷിച്ചു. 
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് അല്പം തിരിഞ്ഞുനോക്കുവിൻ! എപ്പോഴും കർത്താവിനെ സ്നേഹിക്കുന്നവരായി, അവന്റെ തിരുമുഖം അന്വേഷിക്കുന്നവരായി നാം കാണപ്പെടണം. നിങ്ങൾ  കർത്താവിനായി കാത്തിരിക്കുമ്പോൾ, കർത്താവിന്റെ സംരക്ഷണയിലായിരിക്കുമ്പോൾ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല. ദാവീദ് എപ്പോഴും ദൈവത്തെ അന്വേഷിക്കുന്നവനായിരുന്നു. അതുകൊണ്ടാണ് ദൈവം അവനെ അനുഗ്രഹിച്ച് ഉയർത്തിയത്. ‘‘ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി’’ എന്ന് 2 ശമൂവേൽ 8:6 പറയുന്നു. നിങ്ങളുടെ ജീവിതം പ്രശ്നങ്ങളുടെ ചുഴിയിൽപ്പെട്ട് ആടിയുലയുമ്പോഴും കർത്താവിനായി കാത്തിരിപ്പിൻ! നിങ്ങൾ പ്രാർത്ഥയിൽ ഉറ്റിരിക്കുമ്പോൾ നിങ്ങളുടെ ജീവിതം അനുഗ്രഹിക്കപ്പെടും. കർത്താവ് നിങ്ങളുടെ ജീവിതത്തിലുള്ളപ്പോൾ പിശാച്  നിങ്ങളെ ജയിക്കുകയില്ല. ആകയാൽ ധൈര്യമായിരിപ്പിൻ!
Prayer:
കർത്താവായ യേശുവേ, 

ദാവീദിനെപ്പോലെ എപ്പോഴും അങ്ങയെ അന്വേഷിപ്പാനും അങ്ങയുടെ ചട്ടങ്ങൾ പ്രമാണിച്ച് നടക്കുവാനും എന്നെ പഠിപ്പിക്കേണമേ. എല്ലാ അനുഗ്രഹങ്ങളും അവകാശമാക്കുവാൻ എന്നെ സഹായിക്കേണമേ. എന്റെ എല്ലാ ചുവടുവെയ്പിലും അങ്ങ് എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. അങ്ങയുടെ തിരുഹിതത്തിനായി ഞാൻ എന്നെ സമർപ്പിക്കുന്നു. അങ്ങ് എന്റെ പ്രാർത്ഥന കേട്ട് ഉത്തരം നല്കുന്നതിനായി സ്തോത്രം!

ആമേൻ.

1800 425 7755 / 044-33 999 000