Loading...

ഭാരങ്ങൾ നീക്കുന്നവനായ കർത്താവ്!!

Sharon Dhinakaran
15 Feb
പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ചില സമയങ്ങളിൽ നാം നമ്മുടെ ജ്ഞാനത്തിൽ അടിയുറച്ച് വിശ്വസിക്കുകയോ മറ്റുള്ളവരുടെ ഉപദേശപ്രകാരം പ്രവർത്തിക്കുകയോ ചെയ്യുന്നു. എന്നാൽ അത് അനാവശ്യ സമ്മർദ്ദം, പരാജയം, ഭയം, വിഷാദം എന്നിവയിലേക്ക്  നമ്മെ നയിക്കുന്നു. പ്രശ്നപരിഹാരത്തിനായി വഴികൾ തേടുന്പോൾ ദൈവത്തെ മറന്ന്  പലപ്പോഴും നിങ്ങൾ ഉത്കണ്ഠാകുലരായിത്തീരുന്നു. ഫലമോ, നിങ്ങൾ വളരെ ബലഹീനരും ആശ്വാസമറ്റവരുമായി മാറുന്നു. ആയതിനാൽ നിങ്ങളുടെ  പാതകളെല്ലാം കർത്താവ് നേരെയാക്കിത്തരുമെന്ന് വിശ്വസിച്ച് പൂർണ്ണമായും ദൈവത്തിന്റെ കൈകളിൽ നിങ്ങളെ സമർപ്പിക്കുക. അവൻ തന്റെ കൃപ നിങ്ങളുടെ മേൽ ചൊരിയും. അസാദ്ധ്യമെന്ന് നിങ്ങൾ കരുതുന്നതെല്ലാം അവൻ സാദ്ധ്യമാക്കിത്തരും. ‘‘നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും’’ (സങ്കീർത്തനങ്ങൾ 55:22) എന്ന് വചനം പറയുന്നു. 

ഒരു മനശാസ്ത്ര വിദഗ്ധ മാനസിക പിരിമുറുക്കത്തെക്കുറിച്ച് ഈ രീതിയിൽ  പ്രേക്ഷകരോട് വിശദീകരിച്ചു: അവൾ ഒരു ഗ്ലാസ് വെള്ളം ഉയർത്തിക്കാണിച്ചുകൊണ്ട്  പുഞ്ചിരിയോടെ ഇപ്രകാരം ചോദിച്ചു: ‘‘ഈ ഒരു ഗ്ലാസ് വെള്ളത്തിന്  എത്ര ഭാരം കാണും? 8 ഔൺസ് മുതൽ 20 ഔൺസ് വരെ കണ്ടേക്കാം എന്ന് സദസ്സിൽനിന്നും മറുപടികൾ വന്നു. ഈ ഗ്ലാസിന്റെ ഭാരം ഒരു പ്രശ്നമല്ല. ഞാൻ ഈ ഗ്ലാസ് കൈയ്യിൽ പിടിച്ചിരിക്കുന്ന സമയ ദൈർഘ്യമാണ് പ്രധാനം. ഞാൻ ഒരു മിനിറ്റ് പിടിച്ചാൽ എനിക്ക് അത് ഒരു പ്രശ്നമല്ല. ഞാൻ ഒരു മണിക്കൂർ പിടിച്ചാൽ എന്റെ കൈയിൽ വേദന അനുഭവപ്പെടും. ഞാൻ ഒരു ദിവസം മുഴുവൻ പിടിച്ചാൽ, എന്റെ കൈക്ക്  മരവിപ്പും തളർച്ചയും അനുഭവപ്പെടും. ഗ്ലാസിന്റെ ഭാരം മാറുന്നില്ല. പക്ഷേ ഞാൻ അത് എത്ര സമയം കയ്യിൽ പിടിക്കുന്നുവോ അത്രയധികം ഭാരം കൂടുന്നതായി എനിക്ക് അനുഭവപ്പെടുന്നു എന്നതാണ് ഇതിന്റെ വാസ്തവം. അവൾ തുടർന്നു: ജീവിതത്തിലെ സമ്മർദ്ദങ്ങളും വേവലാതികളും ഈ ഒരു ഗ്ലാസ് വെള്ളം പോലെയാണ്. വളരെ കുറച്ചുകാലം നിങ്ങൾ അവയെക്കുറിച്ച് ചിന്തിക്കുന്പോൾ ഒന്നും സംഭവിക്കുന്നില്ല. കുറച്ചുകൂടി ചിന്തിക്കുന്പോൾ അത് നിങ്ങളെ വേദനിപ്പിക്കുവാൻ തുടങ്ങും. ദിവസം മുഴുവൻ നിങ്ങൾ അതെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾ പൂർണ്ണമായും തളർന്നുപോകും. നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കാതെയാകും.’’ 
പ്രിയപ്പെട്ടവരേ, ഇന്ന് ജീവിതത്തിലെ പലവിധ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നോർത്ത്  നിങ്ങൾ കണ്ണീരൊഴുക്കുകയാണോ? നിങ്ങളെക്കുറിച്ച് കരുതുവാൻ ആരുമില്ല എന്ന് നിങ്ങൾ വേദനപ്പെടുന്നുവോ? ഭാരപ്പെടേണ്ട! ‘‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും’’ (മത്തായി 11:28,29) എന്ന് കർത്താവായ യേശു പറഞ്ഞിരിക്കുന്നു. സ്നേഹവാനായ കർത്താവിന്റെ സാന്നിദ്ധ്യം നിങ്ങളോടുകൂടെ ഉള്ളപ്പോൾ ഇങ്ങനെയുള്ള ചിന്തകൾക്ക് നിങ്ങളെ കീഴടക്കുവാൻ സാധിക്കുകയില്ല. നമ്മെക്കുറിച്ച് കരുതലുള്ളവനാണ് നമ്മുടെ കർത്താവ്! അവന്റെ പാദത്തിങ്കൽ നമ്മുടെ ഭാരങ്ങൾ ഇറക്കി വെയ്ക്കാം. നിങ്ങളുടെ ഭാരങ്ങൾ വഹിക്കുവാനും നിങ്ങളെ ആശ്വസിപ്പിക്കുവാനും കർത്താവ് കാത്തിരിക്കുന്നു. ഒരിക്കലും നിങ്ങളുടെ സ്വന്തവിവേകത്തിൽ ഊന്നരുതു. നിങ്ങൾക്ക് വിജയകരമായ ജീവിതം നൽകുവാൻ കർത്താവിന് മാത്രമേ സാധിക്കുകയുള്ളൂ. അവൻ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. അവൻ നിങ്ങൾക്ക് സന്തോഷവും സമാധാനവും നല്കി നിങ്ങളെ അനുഗ്രഹിക്കും. അവൻ നിങ്ങളെ വഴി നടത്തും. വ്യാകുലപ്പെടാതിരിപ്പിൻ! 
Prayer:
സ്നേഹവാനായ കർത്താവേ, 

എന്റെ ഭാരങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. എല്ലാവറ്റെയും ഞാൻ അങ്ങയുടെ പാദത്തിങ്കൽ ഇറക്കി വെയ്ക്കുന്നു. കർത്താവേ, എന്നോട് കൃപ തോന്നേണമേ. ഈ പ്രശ്നങ്ങളിൽ നിന്ന് എന്നെ വിടുവിക്കേണമേ. അങ്ങല്ലാതെ എനിക്ക് വേറെയാരും ആശ്രയമില്ല. അങ്ങയുടെ സാന്നിദ്ധ്യത്താൽ എന്നെ വഴി നടത്തേണമേ. 

എല്ലാ മഹത്വവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ. 

For Prayer Help (24x7) - 044 45 999 000