Loading...
Evangeline Paul Dhinakaran

പ്രാർത്ഥനയിൽ പ്രസാദിക്കുന്ന ദൈവം!!

Sis. Evangeline Paul Dhinakaran
15 Nov
Tefilah എന്ന എബ്രായ പദത്തിന്റെ അർത്ഥം ‘‘പ്രാർത്ഥന’’ എന്നാണ്. ദൈവവുമായി നാം പുലർത്തുന്ന ബന്ധമാണ് അത്. ദൈവവുമായി നാം എന്താണ് പങ്കുവെയ്ക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം യാക്കോബ് 5:13-15 വരെയുള്ള വാക്യങ്ങളിൽ നമുക്ക് വായിക്കുവാൻ സാധിക്കും. ‘‘നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും.’’ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന നമുക്ക് വിടുതൽ നൽകും. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനോട് നാം പ്രാർത്ഥിക്കണം എന്നത് നമുക്ക് നൽകപ്പെട്ടിരിക്കുന്ന കല്പനയാണ്. 

1 രാജാക്കന്മാർ 13:1-16 ൽ യൊരോബെയാമിനെക്കുറിച്ച് നാം വായിക്കുന്നു. അവൻ ധൂപം കാട്ടുവാൻ പീഠത്തിനരികെ നിൽക്കുമ്പോൾ യഹോവയുടെ കല്പനയാൽ ഒരു ദൈവപുരുഷൻ യെഹൂദയിൽനിന്നു ബെഥേലിലേക്ക് വന്നു. ദൈവം കല്പിച്ചപ്രകാരം ആ ദൈവപുരുഷൻ രാജാവിന് വിരോധമായി പ്രവചിച്ചു. അത് കേട്ടപ്പോൾ രാജാവ് യാഗപീഠത്തിങ്കൽനിന്നു കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു. അവന്റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെ ആയി. രാജാവു ദൈവപുരുഷനോടു: ‘‘നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു.’’ ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു. രാജാവിന്റെ കൈ മടങ്ങി മുന്പിലത്തെപ്പോലെ ആയി.
പ്രിയപ്പെട്ടവരേ, നാം ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ അവൻ നമ്മുടെ പ്രാർത്ഥനകൾക്ക്  തീർച്ചയായും ഉത്തരം നൽകും. നീതിമാന്മാരുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു. നീതിമാനായിത്തീരുവാൻ നിങ്ങൾ ദൈവവചനം വായിച്ച്, ദൈവകല്പനകൾ പിന്തുടരണം. ദൈവം നൽകിയിരിക്കുന്ന വാഗ്ദത്തങ്ങളിൽ നാം ഉറച്ച് വിശ്വസിക്കണം. അബ്രഹാമിന്റെ വിശ്വാസം ദൈവം അവന് നീതിയായി കണക്കിട്ടു എന്ന് നമുക്ക് വേദപുസ്തകത്തിൽ വായിക്കുവാൻ സാധിക്കും (റോമർ 4:22). ‘‘നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം’’ എന്ന് സദൃശവാക്യങ്ങൾ 15:8 പറയുന്നു. എപ്പോഴും കർത്താവിൽ ഉറച്ച് വിശ്വസിക്കുവിൻ! അപ്പോൾ അവൻ നിങ്ങൾക്കായി അത്ഭുതം ചെയ്യും. ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കുവിൻ! എപ്പോഴും പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ! അനുഗ്രഹങ്ങൾ പ്രാപിപ്പിൻ!
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങ് പ്രാർത്ഥന കേൾക്കുന്ന ദൈവമാകുന്നുവല്ലോ. പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അങ്ങയെ അന്വേഷിക്കുവാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ സമൃദ്ധിയായി പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. കർത്താവേ, എന്റെ ജീവിതത്തിൽ ഒരു നന്മയും കുറയാതെ എന്നെ കാത്തുകൊള്ളേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

1800 425 7755 / 044-33 999 000