Loading...

ഭയത്തെ നീക്കുന്ന സ്നേഹം!!

Sharon Dhinakaran
08 Nov
ദൈവം നമുക്ക് നല്ല കുടുംബത്തെയും സ്നേഹിതരെയും നൽകി അനുഗ്രഹിച്ചിരിക്കുന്നു. നാം അവരെ വളരെയധികം സ്നേഹിക്കുന്നു. നമ്മുടെ സ്നേഹം തികഞ്ഞതാണോ? മറ്റുള്ളവരുടെ സ്നേഹം നമുക്ക് എത്രതന്നെ കിട്ടിയാലും ചില സമയങ്ങളിൽ അകാരണമായ ഒരു ഭയം നമ്മിൽ ഉടലെടുക്കുന്നു. എന്നാൽ വേദപുസ്തകം പറയുന്നു: ‘‘സ്നേഹത്തിൽ ഭയമില്ല;... തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു’’ (1 യോഹന്നാൻ 4:18). ദൈവസ്നേഹത്തെക്കാൾ ഉപരിയായി പൂർണ്ണമായ മറ്റൊരു സ്നേഹവുമില്ല. ‘‘സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല’’ എന്ന് യോഹന്നാൻ 15:13-ൽ നാം വായിക്കുന്നു. ദൈവത്തിന്റെ സ്നേഹം ഉള്ളേടത്ത് ഭയത്തിന്  സ്ഥാനമില്ല. കാരണം, തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുകയും നിങ്ങൾക്ക് വിജയം നൽകുകയും ചെയ്യുന്നു. ‘‘ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു’’ (2 തിമൊഥെയൊസ് 1:7) എന്ന് നാം വേദപുസ്തകത്തിൽ വായിക്കുന്നില്ലയോ?

ഒരു ബേസ്ബോൾ കളിക്കാരൻ ഒരിക്കൽ ഒരു മത്സരത്തിൽ പങ്കെടുക്കുവാൻ തയ്യാറായിക്കൊണ്ടിരുന്നപ്പോൾ അവന് ഒരു അജ്ഞാത ഫോൺസന്ദേശം ലഭിച്ചു. ആ മത്സരത്തിൽ പങ്കെടുത്താൽ അവനെ വെടിവെച്ചുകൊല്ലും എന്നതായിരുന്നു ഫോൺസന്ദേശം. ഫോൺവെച്ചശേഷം അവൻ വളരെ അസ്വസ്ഥനായി. വലിയ ഒരു ഭയം അവനെ വലയം ചെയ്തു. മൈതാനത്തിൽനിന്നും പുറത്തിറങ്ങിയ അവൻ, സംശയാസ്പദമായ രീതിയിൽ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റുംനോക്കി. എന്നാൽ തന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന തന്റെ പിതാവിനെ മാത്രമാണ് അവന് കാണുവാൻ കഴിഞ്ഞത്. അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘‘നീ വിഷമിക്കേണ്ട! ഭയമെല്ലാം കളഞ്ഞ് നന്നായി കളിക്കുക. നിനക്കാവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഞാൻ ചെയ്തിട്ടുണ്ട്.’’ ആ വാക്കുകൾ അവനെ ധൈര്യപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്റെ പിതാവ് ഒരിക്കലും തനിക്ക് ദോഷമായി ഒന്നും ഭവിക്കുവാൻ അനുവദിക്കുകയില്ല എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അവൻ വളരെ ആവേശത്തോടെ കളിക്കുകയും വിജയം നേടുകയും ചെയ്തു. തന്റെ ടീമിനും കുടുംബത്തിനും അവൻ പ്രശസ്തി നേടിക്കൊടുത്തു.
പ്രിയപ്പെട്ടവരേ, ഇന്ന് അനേക കാര്യങ്ങളെക്കുറിച്ച് നാം ഭയപ്പെടുന്നു. ജീവിതത്തെക്കുറിച്ചുള്ള ഭയം, മരണഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭയം, പരീക്ഷയെക്കുറിച്ചുള്ള ഭയം എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. നിങ്ങളുടെ എല്ലാ ഭയങ്ങളെയും അതിജീവിക്കുവാൻ കർത്താവായ യേശുവിങ്കലേക്ക് നോക്കുക. അവന്റെ വഴിയിലും സത്യത്തിലും നടന്നാൽ മാത്രമേ സർവ്വശക്തനായ ദൈവം നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. വേദപുസ്തകം ഇപ്രകാരം പറയുന്നു: ‘‘ബലവും ധൈര്യവുമുളളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടു കൂടെ പോരുന്നു’’ (ആവർത്തനപുസ്തകം 31:6). തന്റെ പിതാവ് തന്നെ സംരക്ഷിക്കുമെന്ന് ആ കളിക്കാരൻ വിശ്വസിച്ചതുപോലെ നിങ്ങളും പൂർണ്ണമായും കർത്താവിൽ വിശ്വാസമർപ്പിക്കുക. നിങ്ങൾ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടാ! അവനിൽ വിശ്വസിച്ചുകൊണ്ട്  മുന്നോട്ടു പോകുക! ഒരുപക്ഷേ ഏറ്റവും ഉചിതവും സ്വീകാര്യവുമായ രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകുവാൻ നിങ്ങൾ സ്വയം തയ്യാറാകേണ്ടി വന്നേക്കാം. എന്നാൽ നിങ്ങളോടൊപ്പമുണ്ടായിരുന്ന് നിങ്ങൾക്ക് വിജയം നൽകേണ്ടതിനായി കർത്താവിനോട് പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ തന്റെ തികഞ്ഞസ്നേഹത്താൽ അവൻ നിങ്ങളെ നിറയ്ക്കും. തന്റെ വഴികൾ നിങ്ങൾക്ക് വെളിപ്പെടുത്തി, തന്റെ ഹിതപ്രകാരം കർത്താവ് നിങ്ങളെ വഴിനടത്തുമാറാകട്ടെ! ഈ ദിവസം നിങ്ങൾക്ക് അനുഗ്രഹകരമായി തീരട്ടെ!
Prayer:
സ്നേഹസന്പൂർണ്ണനായ കർത്താവേ,

അങ്ങ് എന്റെ ഹൃദയത്തിൽ വരേണമേ. അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ. കർത്താവേ, എന്നോട് മനസ്സലിഞ്ഞ് എല്ലാ ഭയങ്ങളിൽ നിന്നും എന്നെ വിടുവിക്കേണമേ. പിശാചിന്റെ തന്ത്രങ്ങൾക്ക് എന്നെ വിലക്കി കാത്തുകൊള്ളേണമേ. അങ്ങയുടെ തിരുസാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ.

സ്തുതിയും മാനവും മഹത്വവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000