Loading...
Dr. Paul Dhinakaran

ദൈവീക സമാധാനം!!

Dr. Paul Dhinakaran
12 Feb
എവിടെനിന്നും സമാധാനം ലഭിക്കുമെന്നറിയാതെ ഇന്ന് അനേകർ അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരേ, കർത്താവായ യേശുവിങ്കലേക്ക് ഓടിവരിക! സകല രോഗങ്ങൾക്കുമുള്ള ഔഷധമാണ്  ദൈവീക സമാധാനം. നമ്മുടെ സ്രഷ്ടാവായ കർത്താവിന് നമ്മെക്കുറിച്ച് നന്നായറിയാം. ‘‘ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും’’ (യിരെമ്യാവു 30:17) എന്ന്   കർത്താവ് വാഗ്ദത്തം ചെയ്തിരിക്കുന്നു. സമാധാനകുറവ് എന്ന നുകത്താൽ നിങ്ങൾ കഷ്ടപ്പെടുന്നുവെങ്കിൽ കർത്താവിന്റെ ചിറകടിയിലേക്ക് കടന്നുവരുവിൻ! അവിടെ നിങ്ങൾ സുരക്ഷിതരായിരിക്കും. അവന്റെ ചിറകുകളിൻകീഴിൽ ആയിരിക്കുന്പോൾ നിങ്ങൾക്ക് ഒരു ആപത്തും സംഭവിക്കുകയില്ല. തന്റെ മാനസികരോഗത്തെ കർത്താവ് എങ്ങനെ സൌഖ്യമാക്കി എന്ന് സഹോദരൻ ജയ്സൺ പോൾ ഞങ്ങൾക്ക് എഴുതിയിരുന്ന സാക്ഷ്യം താഴെ ചേർക്കുന്നു. 

‘‘ഏകദേശം 14 വർഷങ്ങൾ ഞാൻ ഹിസ്റ്റീരിയ എന്ന രോഗത്താൽ കഷ്ടപ്പെടുകയായിരുന്നു. തനിയെ പുറത്തുപോകുവാനോ പഠിക്കുവാനോ ഒന്നും എനിക്ക് സാധിച്ചിരുന്നില്ല. എന്നെയോർത്ത് എന്റെ കുടുംബാംഗങ്ങൾ വളരെയധികം വിഷമിച്ചു. 2003-ൽ തമിഴ്നാട്ടിലെ മധുരയിൽവെച്ച് നടന്ന യേശു വിളിക്കുന്നു യോഗത്തിൽ ഞാൻ സംബന്ധിച്ചു. അന്ന് രാത്രി യോഗത്തിൽ  ഡോ. പോൾ ദിനകരൻ, ഹിസ്റ്റീരിയ ബാധിച്ചവരുടെ വിടുതലിനായി പരിശുദ്ധാത്മനിയോഗപ്രകാരം പ്രാർത്ഥിച്ചു. ഞാനും അദ്ദേഹത്തോട് ചേർന്ന് പ്രാർത്ഥിച്ചു. അപ്പോൾ എന്റെ ശരീരത്തിൽ ഒരു ചൂട് അനുഭവപ്പെടുകയും ആരോ എന്നെ സ്പർശിക്കുന്നതായി തോന്നുകയും ഞാൻ താഴെ വീഴുകയും ചെയ്തു. ഞാൻ എഴുന്നേറ്റപ്പോൾ ഒരു വലിയ സമാധാനം എന്റെ മനസ്സിനെയും ശരീരത്തെയും നിറച്ചിരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അന്നുമുതൽ ആ ഭയങ്കര രോഗത്തിൽനിന്ന് ഞാൻ മോചിതനായി. ഇപ്പോൾ ഏകദേശം നാല് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്ന് ഞാൻ തികച്ചും നോർമലാണ്. എനിക്ക് എല്ലാ കാര്യങ്ങളും നന്നായി ചെയ്യുവാൻ സാധിക്കുന്നു.
നമ്മുടെ ദൈവം എത്ര നല്ലവനാണ്! ഇപ്പോൾ കർത്താവായ യേശു തന്റെ സമാധാനത്താൽ നിങ്ങളെയും നിറയ്ക്കും. വിശ്വസിക്ക മാത്രം ചെയ്ക! ദൈവത്തിന്റെ മന്ദിരമായ നിങ്ങളുടെ ശരീരത്തെ കർത്താവ് തന്റെ മഹത്വത്താൽ നിറയ്ക്കും. മലപോലെ കാണപ്പെടുന്ന പ്രശ്നങ്ങൾ ഉരുകി ഇല്ലാതാകും. ‘‘യേശുവേ’’ എന്ന് നിങ്ങൾ വിളിച്ചപേക്ഷിക്കുന്പോൾ അവൻ നിങ്ങളെ പൂർണ്ണസമാധാനത്താൽ നിറയ്ക്കും. അവൻ ഇപ്രകാരം വാഗ്ദത്തം നൽകിയിരിക്കുന്നു: ‘‘എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു.നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു’’ (യോഹന്നാൻ 14:27).  എബ്രായർ 4:12 ഇപ്രകാരം പറയുന്നു: ‘‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചു ചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.’’ കർത്താവിന്റെ വാഗ്ദത്തങ്ങൾ വിശ്വാസത്തോടുകൂടെ അവകാശമാക്കിക്കൊൾക! ദൈവീക സമാധാനം നിങ്ങളെ നിറയ്ക്കും. പ്രിയപ്പെട്ടവരേ, ‘‘ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു’’ (2 തിമൊഥെയൊസ് 1:7). ആകയാൽ ഇന്ന് കർത്താവിൽ വിശ്വസിപ്പിൻ! ദൈവീക സമാധാനത്താൽ നിറയുവിൻ! 
Prayer:
സമാധാനപ്രഭുവായ കർത്താവേ, 

കർത്താവേ, അങ്ങ് വാഗ്ദത്തം ചെയ്തിരിക്കുന്ന അങ്ങയുടെ സമാധാനം എനിക്ക് നല്കേണമേ. ഏത് പ്രതികൂല സാഹചര്യത്തിലും അങ്ങയുടെ സമാധാനത്താൽ നിറഞ്ഞ് അവയെ തരണം ചെയ്യുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. ഞാൻ അങ്ങയുടെ പൈതലാകുന്നുവല്ലോ. കർത്താവേ, എന്നോട് മനസ്സലിയേണമേ. അങ്ങയുടെ സന്നിധിയിൽ എന്നെ സമർപ്പിക്കുന്നു. അങ്ങയുടെ സമാധാനത്താൽ നിറയുവാൻ എന്റെ ഹൃദയം കാംക്ഷിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.
 

For Prayer Help (24x7) - 044 45 999 000