Loading...
Samuel Paul Dhinakaran

വഴി തുറക്കുന്ന ദൈവം!

Samuel Dhinakaran
14 Apr
മുൻപോട്ട് പോകുവാൻ ഒരു വഴിയും ഇല്ലാത്തപ്പോൾ നമുക്കായി പുതിയ വഴികൾ തുറന്നുതരുന്ന ഒരു ദൈവം നമുക്കുണ്ട്. നമുക്കാവശ്യമായതെല്ലാം അവൻ അത്ഭുതകരമായി നൽകിത്തരും. സ്വസ്ഥതയുള്ള വെള്ളത്തിന്റെ അരികത്തേക്ക് അവൻ നമ്മെ നടത്തും. അത്ര വലിയതാണ് അവന്റെ സ്നേഹം.നമ്മോടുള്ള അവന്റെ സ്നേഹത്തിന്റെ ആഴം അളക്കുവാൻ നമുക്ക് സാധിക്കുകയില്ല. ഇന്ന് നിങ്ങൾ കടന്നുപോകുന്ന പാത എത്ര കഠിനമേറിയതായിരുന്നാലും വിഷമിക്കേണ്ട! കർത്താവ് മരുഭൂമിയിൽ നിങ്ങൾക്കായി വഴി തുറക്കും. 

ഒരു ദിവസം അബ്രഹാം കുറച്ച് അപ്പവും ഒരു തുരുത്തി വെള്ളവും കൊടുത്ത് ഹാഗാറിനെ തന്റെ വീട്ടിൽനിന്നും പറഞ്ഞയച്ചു. തന്റെ ഭർത്താവിനാലും യജമാനത്തിയാലും അവൾ തള്ളപ്പെട്ടു. തന്റെ മകനെയും എടുത്തുകൊണ്ട് അവൾ മരുഭൂമിയിലേക്ക് ഓടി. അല്പം കഴിഞ്ഞപ്പോൾ അവളുടെ പക്കലുണ്ടായിരുന്ന വെള്ളം തീർന്നുപോയി. ഒരിടത്തുനിന്നും അവൾക്ക് സഹായം ലഭിച്ചില്ല. മകന്റെ മരണം കാണുവാൻ ശക്തിയില്ലാതെ, അവൾ തന്റെ മകനെ കുറുങ്കാട്ടിൻ തണലിൽ ഇട്ടു. അതിനെതിരെ ഒരു അന്പിൻപാടു ദൂരത്തിരുന്ന് അവൾ ഉറക്കെ കരഞ്ഞു. മരുഭൂമിയിൽ കിടത്തപ്പെട്ട ആ ബാലനും നിലവിളിച്ചു. ദൈവം ബാലന്റെ നിലവിളി കേട്ടു. ദൈവം മരുഭൂമിയിൽ ഒരു നീരുറവ അവൾക്ക് കാണിച്ചുകൊടുത്തു. ദൈവം അവളുടെ കണ്ണുനീർ കണ്ട് അവളെ സഹായിച്ചു. ‘‘നീ എന്നെ കാണുന്ന ദൈവം എന്നുപറഞ്ഞ്  അവൾ ദൈവത്തെ സ്തുതിച്ചു’’ നമ്മെ എല്ലാവരെയും അവൻ എപ്പോഴും കാണുന്നുണ്ട്. തീർച്ചയായും എല്ലാ കഷ്ടതകളിൽനിന്നും അവൻ നമ്മെ വിടുവിക്കും. 

കുട്ടികൾക്കായി അനാഥാലയം നടത്തിക്കൊണ്ടിരുന്ന ഒരു ദൈവദാസൻ ഉണ്ടായിരുന്നു. ഒരു ദിവസം കുട്ടികൾ എല്ലാവരും പ്രഭാതഭക്ഷണത്തിനായി ഊണുമുറിയിൽ വന്നിരുന്നു. എന്നാൽ അന്ന് അവർക്ക് നൽകുവാൻ ആ അടുക്കളയിൽ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം അശേഷം ഭാരപ്പെട്ടില്ല. ആ അനാഥാലയത്തിന്റെ നടത്തിപ്പുകാരനോട്, എല്ലാവരോടും പ്രാർത്ഥിക്കുവാൻ പറയുക എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ട്, കതക് തുറന്നപ്പോൾ ഞങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് കൊടുക്കുവാനായി ഭക്ഷണം കൊണ്ടുവന്നിരിക്കുന്നു എന്ന്  ഒരാൾ പറഞ്ഞു. ദൈവദാസൻ ആശ്ചര്യപ്പെട്ട്, ഈ ഭക്ഷണം നിങ്ങൾക്ക് എങ്ങനെ ലഭിച്ചു എന്ന് ചോദിച്ചു. ഒരു വിവാഹ സൽക്കാരത്തിനായി ഞങ്ങൾ ഈ ഭക്ഷണം കൊണ്ടുപോകുകയായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോൾ ഞങ്ങളുടെ വാഹനം കേടായി. അത് ശരിയാക്കുന്നതിന്  5 മണിക്കൂർ സമയമെടുക്കും. അതുകൊണ്ട് ഈ ഭക്ഷണം ഈ കുഞ്ഞുങ്ങൾക്ക്  നൽകുവാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്തൊരത്ഭുതം! ഇന്ന് ഒരുപക്ഷേ നിങ്ങളും പലവിധമായ ഇല്ലായ്മയിലൂടെ കടന്നുപോവുകയാവാം. നിങ്ങളും കർത്താവിനോട്  അപേക്ഷിക്കുന്പോൾ അവൻ നിങ്ങൾക്കായി വഴി തുറക്കും. 
പ്രിയപ്പെട്ടവരേ, നമ്മുടെമേൽ ദൃഷ്ടിവെച്ച് നമ്മുടെ എല്ലാ അപേക്ഷകളും കേൾക്കുന്ന ഒരു ദൈവം നമുക്കുണ്ട്. എല്ലാ കാര്യങ്ങൾക്കും അവനിൽ  മാത്രം ആശ്രയിക്കുക. ‘‘ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും’’ (യെശയ്യാവു 43:19) എന്ന് കർത്താവ്  വാക്ക് നൽകിയിരിക്കുന്നു. നിങ്ങളുടെ പാപവഴികൾ വിട്ട് കർത്തൃപാദത്തിൽ നിങ്ങളെ സമർപ്പിക്കുക. തീർച്ചയായും ദൈവം തന്റെ അളവറ്റ അനുഗ്രഹങ്ങൾ നിങ്ങളുടെമേൽ ചൊരിയും. അവൻ നിങ്ങൾക്കായി എല്ലാം ചെയ്തുതരും. സന്തോഷമായിരിപ്പിൻ!!
Prayer:
എന്നെ സ്നേഹിക്കുന്ന പ്രിയ പിതാവേ!

ഞാൻ ഈ ലോകത്തിൽ എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ച് ജീവിക്കണമെന്നാണല്ലോ അങ്ങയുടെ ആഗ്രഹം. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എല്ലാ കഷ്ടതകളും അങ്ങ് അറിയുന്നുവല്ലോ. എന്നെ അങ്ങയുടെ തൃക്കരങ്ങളിൽ ഏല്പിച്ച് ഞാൻ പ്രാർത്ഥിക്കുന്നു. ദുഃഖത്തിലൂടെ കടന്നുപോയ വർഷങ്ങൾക്കു പകരമായി സന്പൂർണ്ണ അനുഗ്രഹങ്ങളാൽ എന്നെ നിറയ്ക്കേണമേ. നീതിമാനായി ജീവിച്ച് വാസ്തവമായ പ്രതിഫലം പ്രാപിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ ഹിതപ്രകാരം മാത്രം കാര്യങ്ങൾ ചെയ്യുവാൻ എനിക്ക് കൃപ നല്കേണമേ. ഞാൻ അങ്ങയുടെ പൈതലാകുന്നുവല്ലോ. എന്നെ അനുഗ്രഹിക്കണമേ. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. കൃപയോടെ കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000