Loading...

ദൈവത്തിന് ഒന്നും അസാദ്ധ്യമല്ലല്ലോ!!

Sharon Dhinakaran
17 Apr
വേദപുസ്തകത്തിൽ സെഖര്യാവിനെയും എലീശബെത്തിനെയുംകുറിച്ച് നാം വായിക്കുന്നു. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്ക്  മക്കൾ ഇല്ലായിരുന്നു. അവൻ കർത്താവിന്റെ മന്ദിരത്തിൽ  ധൂപം കാട്ടിക്കൊണ്ടിരുന്നപ്പോൾ കർത്താവിന്റെ ദൂതൻ അവന്നു പ്രത്യക്ഷനായി. ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; ‘‘നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേര് ഇടേണം.’’ സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു’’ (ലൂക്കൊസ് 1:6,7, 13,18-20). ദൈവം പ്രവചിച്ചത് നിവൃത്തിയായി. ദൈവം നമുക്ക് അരുളിച്ചെയ്യുന്ന വാക്കുകൾ ഒന്നും നിറവേറാതിരിക്കുകയില്ല. 

സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ബാലൻ, എല്ലാ ദിവസവും സ്കൂളിൽനിന്നും വരുന്പോൾ വഴിയിൽ ഒരു ട്രാഫിക് പോലീസുകാരനെ കാണുമായിരുന്നു. അയാൾ കൈകൾ ഉയർത്തുന്പോൾ എല്ലാ വാഹനങ്ങളും നിറുത്തുന്നത് അവൻ കൌതുകത്തോടുകൂടെ വീക്ഷിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അയാൾ കൈ വീശി കാണിച്ചപ്പോൾ ഒരു വണ്ടിയൊഴികെ മറ്റെല്ലാ വണ്ടികളും നിന്നു. അവൻ അയാളുടെ അടുക്കൽ ഓടിച്ചെന്ന് ആ ഒരു വണ്ടി എന്താണ് നിറുത്താതിരുന്നത് എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘‘ആ വണ്ടി നിറുത്തിയാൽ എന്റെ ജോലി പോകും. കാരണം, അത് ഒരു മന്ത്രിയുടെ വാഹനമാണ്.’’ ഈ ലോകജീവിതത്തിൽ ഇതുപോലെയുള്ള പല പരിമിതികൾ മനുഷ്യരായ നമുക്കുണ്ട്. എന്നാൽ നമ്മെ സഹായിക്കുവാൻ സർവ്വശക്തനായ ദൈവത്തിന് യാതൊരു പരിമിതികളുമില്ല എന്നുള്ളത് എപ്പോഴും ഓർത്തുകൊൾക.
ഈ ലോകത്തിൽ നമ്മുടെ ബന്ധുക്കളിൽ അനേകർ നമുക്ക് പല വാഗ്ദാനങ്ങളും നൽകിയിട്ടുണ്ടാവാം. എന്നാൽ അത് നിറവേറ്റുവാൻ അവർക്ക് പലപ്പോഴും സാധിക്കുകയില്ല. എന്നാൽ നമ്മുടെ കർത്താവ് നമുക്ക് നൽകുന്ന വാഗ്ദത്തങ്ങൾ അവൻ തീർച്ചയായും നിറവേറ്റിത്തരും. യാക്കോബിനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. തന്റെ സഹോദരന് ലഭിക്കേണ്ട അനുഗ്രഹങ്ങളെല്ലാം സ്വന്തമാക്കിയതിനാൽ സഹോദരനെ ഭയന്ന്, അമ്മയുടെ ഉപദേശപ്രകാരം യാക്കോബ് തന്റെ അമ്മയുടെ സഹോദരന്റെ ഭവനത്തിലേക്ക് ഓടിപ്പോയി. പോകുന്ന വഴിയിൽ ഒരു സ്ഥലത്തു അവൻ കിടന്നുറങ്ങി. അവിടെവെച്ച് ‘‘... ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്..... ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും’’ (ഉല്പത്തി 28:10-22) എന്ന് ദൈവം അവനോട് വാഗ്ദത്തം ചെയ്തു. അവിടെ നിന്നും അവൻ തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ വീട്ടിൽ എത്തി. ലാബാന്റെ മക്കളായ ലേയയെയും റാഹേലിനെയും അവൻ വിവാഹം കഴിച്ചു. വർഷങ്ങൾ ഉരുണ്ടോടി. ദൈവം അവനെ സകലവിധങ്ങളിലും അനുഗ്രഹിച്ചു. ദൈവം അവന് ‘‘യിസ്രായേൽ’’ എന്ന് പുതിയ പേര് നൽകി. ദൈവത്താൽ അവന് നല്കപ്പെട്ട നാമം. താൻ തിരഞ്ഞെടുത്ത യിസ്രായേൽ സന്തതിയെ ദൈവം വളരെയധികം സ്നേഹിച്ചു. ഇതാണ് വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ദൈവം നമ്മെ വഴിനടത്തുന്ന വിധം. ഇന്ന് നിങ്ങളെയും ഇപ്രകാരം അനുഗ്രഹിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. അവനിൽ പൂർണ്ണമായും വിശ്വസിച്ച് അവന്റെ കരവലയത്തിലേക്ക് ഓടിവരുവിൻ! അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഇന്നുതന്നെ കർത്താവിന് സ്വന്തമായി തീരുവിൻ! ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ! (ലൂക്കൊസ് 1:37).
Prayer:
സ്നേഹവാനായ കർത്താവേ, 

എന്നെയും അങ്ങയുടെ സ്വന്തജനമായി മാറ്റേണമേ. എന്നോട് ദയ തോന്നേണമേ. എന്റെ ജീവിതത്തിലെ എല്ലാ ഭാരങ്ങളും മാറ്റി, എന്നെ അനുഗ്രഹിക്കുവാൻ അങ്ങ് ശക്തനാണല്ലോ. കർത്താവേ, ഞാൻ അങ്ങയിൽമാത്രം ആശയ്രിക്കുന്നു. അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങൾ എന്റെമേൽ ചൊരിയേണമേ. അങ്ങയുടെ കരങ്ങളിൽനിന്നും അത്ഭുതങ്ങൾ പ്രാപിച്ച്, അങ്ങയുടെ നാമത്തിന് മഹത്വം കരേറ്റിക്കൊണ്ട് ജീവിപ്പാൻ എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000