Loading...
DGS Dhinakaran

വിശ്വാസത്തിന്റെ നായകൻ!!

Bro. D.G.S Dhinakaran
13 Jun
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും യേശുക്രിസ്തു മാത്രമാണ്. എബ്രായർ 12:2 ഇത് വ്യക്തമാക്കുന്നു. സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം എന്ന് വേദപുസ്തകം പറയുന്നു (ഗലാത്യർ 5:6). സ്നേഹവും മനസ്സലിവും യേശുക്രിസ്തുവിൽനിന്നും പുറപ്പെടുന്നു. യേശു രോഗികളെ സൌഖ്യമാക്കിയതിനെക്കുറിച്ച് വേദപുസ്തകത്തിൽ എവിടെയെല്ലാം പരാമർശിച്ചിട്ടുണ്ടോ അവിടെയെല്ലാം യേശു മനസ്സലിഞ്ഞ് അവരെ സൌഖ്യമാക്കി എന്ന് കാണാം. ഒരു കുഷ്ഠരോഗി യേശുവിനെ സമീപിച്ച്: ‘‘നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കാൻ കഴിയും’’ എന്നുപറഞ്ഞു. അപ്പോൾ യേശു കൈനീട്ടി അവനെ തൊട്ടു, ‘‘മനസ്സുണ്ടു, ശുദ്ധമാക എന്നുപറഞ്ഞു അവനെ സൌഖ്യമാക്കി (മർക്കൊസ് 1:40-42). യേശുവിലുണ്ടായിരുന്ന ആ സ്നേഹവും മനസ്സലിവുമാണ്  ആ മനുഷ്യനിൽ ഉറച്ച വിശ്വാസമുണ്ടാക്കിയത്. ഞൊടിയിടയിൽ യേശു അത്ഭുതം ചെയ്തു. 

യേശു ശിമയോന്റെ വീട്ടിൽ ആയിരുന്നപ്പോൾ, അവിടെ പാപിയായ ഒരു സ്ത്രീ വന്ന് തന്റെ കണ്ണുനീർകൊണ്ട് യേശുവിന്റെ പാദങ്ങൾ കഴുകി. യേശു അവളെ നോക്കി, ‘‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു... നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു; സമാധാനത്തോടെ പോക’’ എന്നുപറഞ്ഞു. അതെ, അവൾ പാപത്താൽ കഷ്ടപ്പെടുന്നു എന്ന് യേശു കണ്ടപ്പോൾ, അവൻ മനസ്സലിഞ്ഞു. തന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തുവാനുള്ള വിശ്വാസം അവളിൽ ഉണ്ടാകുകയും അത് അവളെ രക്ഷിക്കുകയും ചെയ്തു (ലൂക്കൊസ് 7:38,39,49,50).
പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവായ യേശു ക്രിസ്തു മനസ്സലിവുള്ളവനും കൃപാലുവുമാണ്. അതുകൊണ്ട് അവന്റെ മനസ്സലിവിലും കരുണയിലും നാം വിശ്വസിക്കുകയും ‘‘കർത്താവേ, ഇതേ വിശ്വാസം എനിക്കും തരേണമേ’’ എന്ന് അവനോട്  യാചിക്കുകയും ചെയ്യാം. അപ്പോൾ നിശ്ചയമായും ഉറച്ച വിശ്വാസം ദൈവം നമുക്ക് നൽകും. പർവ്വതങ്ങൾ കുലുങ്ങിയാലും ഒരിക്കലും കുലുങ്ങിപ്പോകാത്ത വിശ്വാസം കർത്താവ് നമുക്ക് നൽകും. ദൈവത്തിന്റെ വഴികളിൽ നിങ്ങൾ നടക്കുമെങ്കിൽ നിശ്ചയമായും അവൻ നിങ്ങൾക്ക് സ്ഥിരതയും വിശ്വാസവും നൽകും. അവൻ നമ്മെ അനുഗ്രഹിച്ച്  വഴിനടത്തും. ‘‘... നമുക്ക് മുന്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക’’ (എബ്രായർ 12:1,2) എന്ന വചനപ്രകാരം കർത്താവിങ്കലേക്ക് മാത്രം നോക്കിക്കൊണ്ട് ജീവിതത്തിൽ ഓരോ ചുവടും എടുത്തുവെയ്ക്കുവിൻ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!
Prayer:
എന്റെ പ്രിയ കർത്താവേ, 

ഏതുസമയത്തും അങ്ങയുടെ മുഖത്തേക്ക് നോക്കുന്നതിനുള്ള കൃപ എനിക്ക് നൽകേണമേ. ഇന്നുമുതൽ ഈ ഭൂമിയിലെ ഓട്ടം സ്ഥിരതയോടെ ഓടുന്നതിനുള്ള വിശ്വാസം എനിക്ക് നല്കേണമേ. അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെമേൽ ചൊരിയേണമേ. കർത്താവേ, പിശാചിന്റെ തന്ത്രങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളേണമേ. എന്റെ എല്ലാ വഴികളിലും എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000