Loading...
Paul Dhinakaran

അനുഗ്രഹിപ്പിൻ! അനുഗൃഹീതരായിത്തീരുവിൻ!!

Dr. Paul Dhinakaran
09 Feb
കഷ്ടതകളാൽ പീഡിപ്പിക്കപ്പെട്ട ഇയ്യോബിനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. പിശാച് അവനെ പരീക്ഷിച്ചു. ഒരേ ദിവസം അവന്റെ പത്ത് മക്കളും മരിച്ചു പോയി, അവനുണ്ടായിരുന്ന സ്വത്തുക്കളെല്ലാം അവന് നഷ്ടപ്പെട്ടു, അവന്റെ ശരീരം മുഴുവനും പരുക്കൾ ബാധിച്ചു. അവന്റെ സ്നേഹിതർ അവനെ പരിഹസിച്ചു. എങ്കിലും ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല. അവൻ ദൈവത്തിലുള്ള തന്റെ വിശ്വാസം ഉപേക്ഷിച്ചില്ല. സുഹൃത്തുക്കളുടെ പരിഹാസത്തിന്റെയും അഭിപ്രായവ്യത്യാസങ്ങളുടെയും വേദനാജനകമായ സാഹചര്യത്തിൽപോലും അവൻ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. അവന്റെ ഭക്തി കണ്ട ദൈവം, അവന് നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരികെ കൊടുത്തു (ഇയ്യോബ് 42:10). അവന്റെ എല്ലാ കഷ്ടതകളും നീക്കി കർത്താവ് അവന്റെ കുടുംബത്തെ അനുഗ്രഹിച്ചു. കാരണം, അവൻ അത്രയധികം ദൈവത്തെ മുറുകെ പിടിച്ചിരുന്നു. ‘‘എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും’’ (സങ്കീർത്തനം 41:1) എന്ന് വേദപുസ്തകം പറയുന്നു. ഈ വചനപ്രകാരം അത്ഭുതം പ്രാപിച്ച ഒഡീഷയിലെ റ്റെൻസായിൽനിന്നുള്ള ബിനാ ഗുനിയയുടെ സാക്ഷ്യം താഴെ ചേർത്തിരിക്കുന്നു. നമ്മുടെ സൽപ്രവർത്തികൾക്ക് ദൈവം എങ്ങനെ പ്രതിഫലം നൽകുന്നു എന്ന് ഈ സാക്ഷ്യത്തിൽനിന്നും മനസ്സിലാക്കുവാൻ സാധിക്കും.

കഴിഞ്ഞ ഏഴു വർഷമായി ഞാൻ ദഹനസംബന്ധമായ അസുഖം ബാധിച്ചിരുന്നു. ഈ ദഹനക്കേട് കാരണം എന്റെ വയറു വീർത്തുവരും. അതിനാൽ ഞാൻ വളരെയധികം വിഷമിച്ചു. 2018-ൽ യേശു വിളിക്കുന്നു റൂർഖല പ്രാർത്ഥനാ മഹോത്സവത്തിൽ പങ്കെടുക്കുവാൻ വരുന്നതിന് മുൻപ്, ദൈവം എന്റെ പേര് വിളിച്ച് എന്നെ പൂർണ്ണമായും സുഖപ്പെടുത്തണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ആ യോഗത്തിൽ ഡോ. പോൾ ദിനകരൻ പ്രാർത്ഥിച്ചപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രാർത്ഥിച്ചു. ആ നിമിഷം ഡോ. പോൾ ദിനകരൻ എന്റെ പേര് വിളിച്ച് ഇപ്രകാരം പറഞ്ഞു, ബിനാ, നിങ്ങൾ ദുഷ്ടശക്തികളാലും ദഹനക്കേടിനാലും വളരെയധികം പ്രയാസമനുഭവിക്കുന്നു. നിങ്ങൾക്ക് ശരിയായി ആഹരം കഴിക്കുന്നില്ല. നിങ്ങളുടെ രോഗശാന്തിക്കായി നിങ്ങൾ കരയുന്നു. നിങ്ങളുടെ പേര് കർത്താവ് എന്നെ കാണിക്കുന്നു. ബിനാ, അവൻ നിങ്ങളുടെ അടുത്തേക്ക് വരുന്നു. നിങ്ങൾ നിരവധി ആളുകളെ സഹായിക്കുകയും ധാരാളം കുട്ടികളെ പരിപാലിക്കുകയും ചെയ്തതുകൊണ്ടാണ് കർത്താവ്  നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നത്.  യേശു നിങ്ങളെ സ്നേഹിക്കുന്നു. അവൻ നിങ്ങളെ ഇന്ന് വിടുവിക്കുന്നു. അവൻ നിങ്ങളെ തന്റെ ശക്തിയിയാൽ നിറയ്ക്കുന്നു.’’ ആ നിമിഷം, ദൈവം എന്നെ സ്പർശിക്കുന്നതായി എനിക്ക് തോന്നി. എന്റെ ശരീരം മുഴുവൻ വിറയ്ക്കുവാൻ തുടങ്ങി. എന്റെ ശരീരത്തിലേക്ക് ഒരു വൈദ്യുത പ്രവാഹം കടന്നുവരുന്നതായി എനിക്ക് അനുഭവപ്പെട്ടു, ഞാൻ താഴെ വീണു. എഴുന്നേറ്റപ്പോൾ, ഞാൻ പൂർണ്ണസൌഖ്യം പ്രാപിച്ചിരുന്നു. എന്റെ വയറിന്റെ ഭാരം വളരെ കുറഞ്ഞതായി ഇപ്പോൾ എനിക്ക് തോന്നുന്നു.’’
പ്രിയമുള്ളവരേ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കണക്ക് ദൈവത്തിന്റെ പക്കലുണ്ട്. അവൻ നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. അവൻ നിങ്ങളെയും നിങ്ങളുടെ സൽപ്രവർത്തികളെയും ഒരിക്കലും മറക്കുകയില്ല. അവൻ നിങ്ങൾക്കുള്ള പ്രതിഫലം നൽകും. യേശു പറഞ്ഞു: ‘‘എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു’’ (മത്തായി 25:40). അവന്റെ വാക്കുകൾ എത്രത്തോളം സത്യമാണ്! ‘നിങ്ങളുടെ പ്രവൃത്തികൾ എനിക്കറിയാം. ആർക്കും അടയ്ക്കാനാവാത്ത ഒരു തുറന്ന വാതിൽ ഞാൻ നിങ്ങളുടെ മുന്പിൽ വെച്ചിട്ടുണ്ട്. നിങ്ങൾക്ക് ശക്തി കുറവാണെന്ന് എനിക്കറിയാം, എന്നിട്ടും നിങ്ങൾ എന്റെ വചനം പാലിക്കുകയും എന്റെ നാമം നിഷേധിക്കുകയും ചെയ്തിട്ടില്ല’ എന്ന് നിങ്ങളെ കാണുന്നവനായ കർത്താവ് തീർച്ചയായും നിങ്ങളോട് പറയും (വെളിപ്പാടു 3: 8). ആകയാൽ കർത്താവിൽ വിശ്വസിപ്പിൻ! തുടർന്നും സൽപ്രവർത്തികൾ ചെയ്യുവിൻ! ദൈവീകാനുഗ്രഹങ്ങൾ പ്രാപിപ്പിൻ! 
Prayer:
സർവ്വശക്തനായ കർത്താവേ, 

അങ്ങ് എന്നെ കാണുന്ന ദൈവമായിരിക്കുന്നതിനായി സ്തോത്രം. എന്റെ എല്ലാ കാര്യങ്ങളും അങ്ങ്  ഭംഗിയായി നിർവ്വഹിച്ചു തരും എന്ന് എനിക്ക് ഉറപ്പ് നൽകിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, ഞാൻ അങ്ങയുടെ പാദത്തിൽ എന്റെ ഭാരങ്ങളെല്ലാം ഇറക്കി വെയ്ക്കുന്നു. അങ്ങ് എന്നോടുകൂടെയിരുന്ന് എന്നെ അനുഗ്രഹിക്കേണമേ. അങ്ങയുടെ തിരുക്കരത്താൽ എന്നെ വഴിനടത്തേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000