Loading...
Evangeline Paul Dhinakaran

ദൈവത്തിന്റെ കയ്യിലെ രാജമുടി!

Sis. Evangeline Paul Dhinakaran
12 Apr
കർത്താവിനോട് പറ്റിയിരിക്കുന്ന ഒരു ജീവിതം നാം ജീവിക്കുമ്പോൾ അവൻ നമ്മെ അനുഗ്രഹിച്ച് ഉയർത്തുമെന്ന് സങ്കീർത്തനങ്ങൾ 91:14 -ൽ നാം വായിക്കുന്നു. ‘‘അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.’’ 

ആയതിനാൽ നാം നമ്മുടെ കഷ്ടങ്ങളെക്കുറിച്ച് വിലപിച്ചുകൊണ്ടിരിക്കാതെ, നമ്മെ അനുഗ്രഹിച്ച് ഉയർത്തേണ്ടതിനായി കർത്താവിനോട് യാചിക്കാം. ജീവിതപ്രശ്നങ്ങളാൽ മനംതളർന്നു പോകരുതെന്ന് കർത്താവ് പറയുന്നു. അവയെല്ലാം തരണം ചെയ്യുവാൻ സഹായിക്കുമെന്ന് കർത്താവ് നമുക്ക് വാക്ക് നൽകിയിട്ടുണ്ട്. 

‘‘നീ വെള്ളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെമീതെ കവികയില്ല; നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല’’ (യെശയ്യാവു 43:2).

കർത്താവ് നമ്മോടുകൂടെ വാസം ചെയ്യുമ്പോൾ നാം ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല. ‘‘കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ’’ (സങ്കീർത്തനങ്ങൾ 23:4) എന്ന് സങ്കീർത്തനക്കാരനെപ്പോലെ നമുക്കും ക്രിസ്തുവിൽ ധൈര്യം പ്രാപിക്കാം. അപ്പോൾ അവൻ നമ്മെ അനുഗ്രഹിക്കും. ‘‘ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും. യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും’’ (യെശയ്യാവു 62:3) എന്ന് കർത്താവ് നിങ്ങൾക്ക് വാഗ്ദത്തം നൽകുന്നു. 

കർത്താവ് ഞങ്ങളുടെ കുടുംബത്തെ തലമുറ തലമുറയായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നത് ഞങ്ങൾ ഇന്ന് കാണുന്നു. ഞങ്ങളുടെ പിതാവ് സഹോ. ഡി.ജി.എസ്. ദിനകരൻ ഒരു സാധാരണ മനുഷ്യനായിരുന്നു. ഒരു സാധാരണ ശുശ്രൂഷയായാണ് അദ്ദേഹം ഈ ശുശ്രൂഷ തുടങ്ങിയത്. അന്ന് അദ്ദേഹം ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഓഫീസിൽ പോകുന്പോൾ ധരിക്കുവാൻ ഒരു നല്ല ഷർട്ട്പോലും അദ്ദേഹത്തിന് കാണുകയില്ല. കീറിയ ഷർട്ട് തയ്ചാണ് അദ്ദേഹം മിക്കവാറും ഉപയോഗിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ മാതാവ് അദ്ദേഹത്തിന്റെ കീറിയ ഷർട്ടുകളെല്ലാം നന്നായി തയ്ച് ഇസ്തിരിയിട്ടു കൊടുക്കും. അദ്ദേഹം അവ ധരിച്ചുകൊണ്ട് ഓഫീസിൽ പോകും. അങ്ങനെയുള്ള ദരിദ്രാവസ്ഥയിലാണ് അദ്ദേഹം ഈ ശുശ്രൂഷ ആരംഭിച്ചത്. ഇന്ന് കർത്താവ് ഈ ശുശ്രൂഷയെ എത്രയോമടങ്ങ് അനുഗ്രഹിച്ചിരിക്കുന്നു. എത്രയോ വർഷങ്ങൾ കടന്നുപോയിരിക്കുന്നു! ആ നാളുകളിലേക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ ദൈവത്തിന് നന്ദികരേറ്റിക്കൊണ്ടിരിക്കുന്നു. ഞങ്ങളെ എങ്ങനെയാണ് കർത്താവ് തലമുറതലമുറയായി അനുഗ്രഹിച്ചിരിക്കുന്നതെന്ന് നോക്കൂ!
പ്രിയപ്പെട്ടവരേ, ഇതുപോലെ ഇന്ന് കർത്താവ് നിങ്ങളെയും അനുഗ്രഹിക്കും. ‘‘എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിങ്ങളെ അറിയിക്കും’’ (യിരെമ്യാവു 33:3) എന്ന് കർത്താവ് വാഗ്ദത്തം ചെയ്തിരിക്കുന്നു. നിങ്ങളുടെ പ്രശ്നങ്ങളോർത്ത് വ്യാകുലപ്പെടേണ്ട! ‘‘യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു’’ (യിരെമ്യാവു 20:11) എന്ന് ഭക്തനോട് ചേർന്ന് പറയുവിൻ! അങ്ങനെ വിശ്വസിക്കുവിൻ! അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും. നിങ്ങളെയും നിങ്ങളുടെ തലമുറകളെയും കർത്താവ് സകലവിധങ്ങളിലും അനുഗ്രഹിക്കും! കർത്താവിനെ ഇറുകെ പറ്റിക്കൊണ്ടു ജീവിക്കുവിൻ! അവൻ നിങ്ങളെ തന്റെ കൈയ്യിലെ രാജമുടിയാക്കി മാറ്റും!!
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. എന്റെ എല്ലാ ആവശ്യങ്ങളെയും അങ്ങയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു. ഇന്നുമുതൽ എന്റെ എല്ലാ കാര്യങ്ങളും അങ്ങ് നിവർത്തിക്കേണമേ. അങ്ങയുടെ സന്പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. കർത്താവേ, അങ്ങയുടെ നിഴലിൽ എപ്പോഴും വസിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ വീണ്ടെടുപ്പുകാരനായുള്ളോവേ, ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. അനുഗ്രഹത്തിന്റെ പാതയിലൂടെ എന്റെ കുടുംബത്തെ നടത്തേണമേ. എല്ലാ എല്ലാ കാര്യങ്ങളും അങ്ങ് അറിയുന്നുവല്ലോ. എല്ലാവറ്റെയും ഞാൻ അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു. അങ്ങ് തന്നെ എനിക്ക് എല്ലാവറ്റെയും ജയമായി മാറ്റി തരേണണമേ. 


സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000