Loading...
അത്ഭുതങ്ങൾ ചെയ്യുന്ന കർത്താവ്!

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, കുഞ്ഞുങ്ങളേ,

കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്കേവർക്കും എന്റെ സ്നേഹവന്ദനം!

ആഗസ്റ്റ് മാസത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന നിങ്ങൾക്ക് മുൻപായി കർത്താവ് കടന്നുചെന്ന്, നിങ്ങളെ വഴിനടത്തി സകലവിധങ്ങളിലും നിങ്ങളെ അനുഗ്രഹിക്കും. യോശുവ 3:5 ഇപ്രകാരം പറയുന്നു: ‘‘നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും.’’ ‘‘ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ’’ എന്ന് 2 കൊരിന്ത്യർ 1:20-ൽ നാം വായിക്കുന്നു. ഈ വാഗ്ദത്തത്തിൻ പ്രകാരം നിങ്ങൾ അത്ഭുതങ്ങൾ പ്രാപിക്കും. നിങ്ങൾ വിശുദ്ധിയുള്ളവരായി ജീവിക്കുമ്പോൾ ദൈവം നിങ്ങളെ സഹായിക്കും.

ശുദ്ധീകരണം

ദൈവത്തിങ്കൽനിന്നും അത്ഭുതങ്ങൾ പ്രാപിക്കുന്നതിനുള്ള ആദ്യപടി നാം നമ്മെ വിശുദ്ധീകരിക്കണം എന്നുള്ളതാണ്. നാം അപേക്ഷിക്കുമ്പോൾ തന്റെ വിശുദ്ധിയാൽ അവൻ നമ്മെ അലങ്കരിക്കും. മലാഖി 2:21-ൽ നാം ഇപ്രകാരം വായിക്കുന്നു: ‘‘യഹോവെക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധ മന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി.’’ ‘‘ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല’’ എന്ന് എബ്രായർ 12:14 പറയുന്നു. നാം വിശുദ്ധിയുള്ളവരായി ജീവിച്ചാൽ മാത്രമേ ദൈവീകാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ.

ഒരുവനും നശിച്ചുപോകരുത് എന്നുള്ളതാണ് ദൈവഹിതം (മത്തായി 18:14). നിങ്ങളെ എങ്ങനെ പാപജീവിതത്തിലേക്ക് വലിച്ചിഴയ്ക്കാം എന്ന് പിശാച് എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു. ഈ ലോകം മുഴുവൻ പിശാചിന്റെ അധീനതയിൽ കിടക്കുന്നു എന്ന് വേദപുസ്തകം പറയുന്നു (1 യോഹന്നാൻ 2:16).

ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം എന്നിവയാൽ ഇന്ന് ജനങ്ങൾ നിറയപ്പെട്ടിരിക്കുന്നു. ഇവയുടെ മദ്ധ്യത്തിൽ എങ്ങനെയാണ് വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുവാൻ സാധിക്കുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഗലാത്യർ 5:24 പറയുന്നു: ‘‘ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.’’ നാം നമ്മെ കർത്താവിനായി സമർപ്പിക്കുമ്പോൾ അങ്ങനെ ജീവിക്കുവാൻ സാധിക്കും.

അതിനായാണ് യേശു കുരിശിൽ മരിച്ചത്. നാം കർത്താവിനെ വിശ്വസ്തതയോടുകൂടെ അനുഗമിക്കണം. അവനോടുകൂടെ നാമും ക്രൂശിക്കപ്പെടണം. ‘‘ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു’’ എന്ന് ഗലാത്യർ 2:20 പറയുന്നു.

ഇന്ന് പുരുഷന്മാർ മദ്യപാനത്തിന് അടിമകളായും സ്ത്രീകൾ  എപ്പോഴും അടിപിടി കൂടിയും തങ്ങളുടെ സമയമെല്ലാം പാഴാക്കുന്നു. ദൈവത്തെ മറന്നുള്ള ജീവിതമാണിത്. നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് പരിശോധിച്ചു നോക്കുക. കർത്താവിന്റെ കുരിശിലേക്ക് നോക്കുക. ആ കുരിശിന് മാത്രമേ നിങ്ങളെ മാനസാന്തപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.

പ്രാർത്ഥനാപേ

രണ്ടാമതായി, നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കർത്താവ് നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും (എഫെസ്യർ 3:20). ഈ മാസം മുഴുവനും ഓരോ ദിവസവും നിങ്ങൾ അനുഗ്രഹങ്ങൾ പ്രാപിക്കും. കർത്താവ് നിങ്ങളെ വഴിനടത്തും (യെശയ്യാവു 58:11). ‘‘സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും’’ എന്ന് ഫിലിപ്പിയർ 4:7 പറയുന്നു. നിങ്ങൾ കർത്താവിനെ മുറുകെ പിടിക്കുമ്പോൾ അവൻ ദൈവീക സമാധാനത്താൽ നിങ്ങളെ നിറയ്ക്കും. ഈ മാസം മുഴുവനും നിങ്ങൾ സമാധാനം അനുഭവിക്കും. കർത്താവിനെ രക്ഷകനായി സ്വീകരിച്ചപ്പോൾ ശൌലിന്റെ ജീവിതം തലകീഴായി മാറി. വിശുദ്ധ പൌലൊസ് എന്ന പേരിൽ അവൻ ശക്തിയേറിയ ഒരു ദൈവദാസനായി മാറി. അവൻ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘‘ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു’’ (ഗലാത്യർ 2:20). അതുപോലെ ഇന്ന് നിങ്ങളുടെ ജീവിതവും മാറും. നിങ്ങൾ ഒരു ദൈവപൈതലായിത്തീരും. അത് മാത്രമല്ല, നിങ്ങൾ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങളെല്ലാം കർത്താവ് നിങ്ങൾക്ക് നൽകും. 

പ്രകൃത്യാതീതമായ അനുഗ്രഹങ്ങൾ

മൂന്നാമതായി, ഈ മാസം നിങ്ങൾ ആഗ്രഹിക്കുന്ന അത്ഭുതം നിങ്ങൾ പ്രാപിക്കും. ‘‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും’’ എന്ന് യോഹന്നാൻ 11:40 പറയുന്നു. ഇന്ന് ദൈവം നിങ്ങളോട് സംസാരിക്കുന്നു. നിങ്ങൾ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും എന്ന് അവൻ നിങ്ങൾക്ക് വാക്ക് നൽകുന്നു. ദൈവത്തിന്റെ മഹത്വം നിങ്ങളിലേക്ക് ഇറങ്ങിവരും.

എനിക്ക് ഒരു കുഞ്ഞില്ലല്ലോ, ജോലിയില്ലല്ലോ, എന്നെ സ്നേഹിക്കുവാൻ ആരുമില്ലല്ലോ എന്നെല്ലാം നിങ്ങൾ വിലപിച്ചുകൊണ്ടിരിക്കുകയാവാം. ‘‘പിതാവേ, അങ്ങ് മാത്രമാണ് എന്റെ പ്രത്യാശയും വിശ്വാസവും’’ എന്ന് നിങ്ങൾ കർത്താവിൽ പൂർണ്ണമായും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ അവൻ മനോഹരമായി നിങ്ങളുടെ കാര്യങ്ങളെല്ലാം നിവർത്തിച്ചുതരും. കർത്താവിന്റെ മുൻപിൽ നിങ്ങളെ താഴ്ത്തുക. അവൻ നിങ്ങളെ ഉയർത്തും. നിങ്ങൾ വിശ്വസിക്കുമ്പോൾ, പരിശുദ്ധാത്മാവ് നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും. സർവ്വശക്തനായ നമ്മുടെ ദൈവം നിങ്ങളുടെ ജീവിതത്തിൽ പ്രകൃത്യാതീതമായ അത്ഭുതങ്ങൾ ചെയ്യും. നിങ്ങൾക്ക് ക്രിസ്തുവിൽ അധിഷ്ഠിതമായ, സമാധാനം നിറഞ്ഞഒരു ജീവിതം ലഭിക്കും. ആത്മീകമായും നിങ്ങൾ വളരും,  അനുഗ്രഹങ്ങൾ പ്രാപിക്കും. വിശ്വസിച്ചുകൊണ്ട് ഇപ്രകാരം പറയുക: ‘‘പിതാവേ, ഞാൻ വിശ്വസിക്കുന്നു. അങ്ങനെതന്നെ എനിക്ക് സംഭവിക്കട്ടെ. എന്റെ അവിശ്വാസത്തെ നീക്കേണമേ. പാപജീവിതത്തിൽനിന്നും എന്നെ വിടുവിക്കേണമേ. അങ്ങ് എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. ഓരോ ദിവസവും അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.’’

Links of July 2018 Blessing Message Video
Hindi Click here
Tamil Click here
Malayalam Click here
Telugu Click here
Kannada Click here
Assame Click here

പ്രാർത്ഥന:

ഞങ്ങളുടെ പ്രിയ പിതാവേ,

ഈ പുതിയ മാസത്തിൽ, അങ്ങ് ഞങ്ങളെ അനുഗ്രഹിച്ച് വഴിനടത്തിയാൽ മാത്രമേ ഞങ്ങൾക്ക് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ കുഞ്ഞുങ്ങളെ ഓർക്കേണമേ. അടിമത്വത്തിൽനിന്നും തങ്ങളെ വിടുവിക്കേണ്ടതിനായി പ്രാർത്ഥിക്കുന്നവരെ ഓർക്കേണമേ. അവരുടെ ജീവിതം വിശുദ്ധീകരിക്കേണമേ. കർത്താവേ, അങ്ങയുടെ അനുഗ്രഹങ്ങളും സമാധാനവും അവരിൽ പകരേണമേ. അവരെ പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തേണമേ. അവരുടെ നിലവിളി അങ്ങ് കേൾക്കേണമേ. അവരെ വിശുദ്ധീകരിച്ച് അങ്ങയുടെ അത്ഭുതങ്ങൾ പ്രാപിപ്പാൻ അവരെ സഹായിക്കേണമേ. ആമേൻ!

വിശ്വസിച്ചാൽ നിങ്ങൾ അനുഗ്രഹങ്ങൾ പ്രാപിക്കും. ശൌലിനെ പൌലൊസ് എന്ന ദൈവദാസനാക്കി മാറ്റിയ ദൈവം ഇന്ന് നിങ്ങളെയും രൂപാന്തരപ്പെടുത്തിയിരിക്കുന്നു. തന്റെ മഹത്വത്തിനായി ശോഭിക്കുവാൻ ദൈവം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ദൈവീക സമാധാനത്താൽ അവൻ നിങ്ങളെ നിറയ്ക്കും. ഈ മാസം മുഴുവനും നിങ്ങൾ ദൈവീകാനുഗ്രഹങ്ങൾ പ്രാപിക്കും.വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. ഈ മാസം നിങ്ങൾക്ക് സകലവിധങ്ങളിലും അനുഗൃഹീതമായിത്തീരട്ടെ! 

സ്നേഹത്തോടും പ്രാർത്ഥനയോടും,
നിങ്ങളുടെ പ്രിയ സഹോദരി,
(സഹോദരി സ്റ്റെല്ലാ ദിനകരൻ)