Loading...
Paul Dhinakaran

ഉയർത്തുന്ന ദൈവം!

Dr. Paul Dhinakaran
15 Aug
ഇന്ന് നിങ്ങൾ ഒറ്റപ്പെട്ടുപോയോ? നിങ്ങളെ സഹായിക്കുവാൻ ആരുമില്ലേ? വിഷമിക്കേണ്ട! ദൈവത്തോട് സഹായം ചോദിക്കുക. അവൻ തീർച്ചയായും നിങ്ങളുടെ അടുക്കൽ വരും. അവൻ നിങ്ങളുടെ വിളിപ്പുറത്തുണ്ട്. ഒരിക്കൽ ഒറ്റപ്പെട്ട ഒരു സ്ഥലത്തുവെച്ച് ഒരാൾ മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടു. സഹായത്തിനായി നിലവിളിച്ചപ്പോൾ ആളുകൾ ഓടിവന്നു. പക്ഷേ അവനെ സഹായിക്കുന്നതിന് പകരം അവന്റെ മോട്ടോർ സൈക്കിൾ ഉൾപ്പടെയുള്ള സാധനങ്ങളെല്ലാം അവർ കൊള്ളയടിച്ചു. എന്തൊരു ഹൃദയമില്ലാത്ത ജനം! വേദനക്കിടയിൽ നിസ്സഹായനായിരുന്ന ഈ മനുഷ്യനെപ്പോലെ നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇന്ന്, യേശു നിങ്ങളുടെ സഹായിയും നിങ്ങളെ ഉയിർപ്പിക്കുന്നവനുമാണ്! അവൻ നിങ്ങൾക്കായി എല്ലാം പുനഃസ്ഥാപിക്കും. അവൻ നിങ്ങളെ സുഖപ്പെടുത്തും. അവൻ നിങ്ങളുടെ ജീവൻ രക്ഷിക്കുകയും നിങ്ങളെ ഉയർത്തുകയും ചെയ്യും.

11 ദശലക്ഷം ഡോളറിൽ കൂടുതൽ വിലമതിക്കുന്ന ഒരു ക്രിസ്തുമസ് ട്രീയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കുറച്ച് വർഷങ്ങൾക്ക് മുന്പ്, അബുദാബിയിലെ ഒരു ആഡംബര എമിറേറ്റ്സ് പാലസ് ഹോട്ടലുകാർ അവരുടെ നേട്ടം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തുവാൻ ആഗ്രഹിച്ചു. അതിനായി ഏറ്റവും വിലയേറിയ ക്രിസ്തുമസ് ട്രീ നിർമ്മിച്ചു. 11 ദശലക്ഷം ഡോളർ വിലമതിക്കുന്ന 131 സ്വർണ്ണക്കഷണങ്ങളും വിലയേറിയ കല്ലുകളും കൊണ്ട് അവർ 43 അടി ഉയരമുള്ള ആ ക്രിസ്തുമസ് മരം അലങ്കരിച്ചു!
പ്രിയപ്പെട്ടവരേ, ലോകശ്രദ്ധ ആകർഷിക്കുവാൻ മനുഷ്യർക്ക് ഇത്രയും ചെയ്യുവാൻ കഴിയുമെങ്കിൽ, നിങ്ങൾക്കുവേണ്ടി ഏറ്റവും മികച്ചത് ചെയ്യുവാൻ നിങ്ങളുടെ രക്ഷകന് കഴിയുകയില്ലയോ? നിങ്ങളുടെ ജീവിതത്തെ അതിമനോഹരമാക്കിത്തീർക്കുവാൻ അവന് സാധിക്കും. കർത്താവ് ഇന്ന് നിങ്ങൾക്ക്  വാഗ്ദത്തം ചെയ്യുന്നതെന്താണെന്ന് നോക്കൂ! ‘‘യഹോവയായ കർത്താവു സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും’’ (യെശയ്യാവു 61:11).  നിങ്ങൾക്ക് ആവശ്യമുള്ളതെന്തും യേശുവിനോട് ചോദിക്കുക. നിങ്ങളുടെ ലജ്ജയും ഭയവും അവൻ മാറ്റിത്തരും. നിങ്ങളുടെ പഴയ ജീവിതം പരാജയങ്ങളും തെറ്റുകളും നിറഞ്ഞതാകാം. അത് നിങ്ങൾക്ക് നാണക്കേടും അപമാനവും വരുത്തിയിരിക്കും. എന്നാൽ ഇന്ന് ദൈവം നിങ്ങളുടെ ജീവിതത്തെ മാറ്റുവാൻ പോകുന്നു. തന്റെ അനുഗ്രഹങ്ങളാൽ ഇന്ന് അവൻ നിങ്ങളെ നിറയ്ക്കും! ‘‘സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശം പോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ’’   (യെശയ്യാവു 62:1) എന്ന് ദൈവം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. അവന്റെ കൃപയിലും വാഗ്ദത്തങ്ങളിലും വിശ്വസിക്കുക. ക്രിസ്തുവില് മഹത്തായ ജീവിതം ആസ്വദിക്കുക!
Prayer:
എന്റെ പ്രിയ കർത്താവേ, 

അങ്ങയുടെ നാമം ശക്തിയുള്ളതെന്ന് ഞാൻ അറിയുന്നു. അങ്ങയുടെ നാമത്തിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിപ്പാൻ എന്നെ സഹായിക്കേണമേ. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും എന്ന അങ്ങയുടെ വാഗ്ദത്തത്തെ മുറുകെ പിടിച്ചുകൊണ്ട്, അത് അവകാശമാക്കി ഞാൻ പ്രാർത്ഥിക്കുന്നു. മറ്റുള്ളവരുടെ മുൻപിൽ എന്നെ അനുഗ്രഹിച്ച് ഉയർത്തേണമേ.

എന്റെ പ്രാർത്ഥന കേട്ട് ഉത്തരമരുളിച്ചെയ്യേണമേ.

ആമേൻ.

1800 425 7755 / 044-33 999 000