Loading...
Dr. Paul Dhinakaran

നിങ്ങളെ സ്നേഹിക്കുന്ന ദൈവം!!

Dr. Paul Dhinakaran
12 Jun
പ്രിയപ്പെട്ടവരേ, ലോകം നിങ്ങളെ എങ്ങനെ കാണുന്നു എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമല്ല. ദൈവം നിങ്ങളെ തന്റെ സ്വന്തപൈതലായി കാണുന്നു എന്നുള്ളത് എപ്പോഴും ഓർത്തുകൊൾക. ദൈവമുൻപാകെ നിങ്ങൾ വിലയേറിയവരാണ്. അവൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. അതുകൊണ്ട് അവൻ നിങ്ങളെ തള്ളിക്കളയുകയില്ല. നിങ്ങൾ കർത്താവിന് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് നിങ്ങൾ കഷ്ടതയിലാകുന്നത് അവൻ അനുവദിക്കുമോ? ഒരിക്കലുമില്ല. തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ അവന്റെ ആലോചനകളും അനുഗ്രഹങ്ങളും നിങ്ങളെ തേടിവരും. മറ്റുള്ളവരെക്കാൾ നിങ്ങൾ അനുഗ്രഹിക്കപ്പെടും.

തന്റെ വ്യാപാരമെല്ലാം നഷ്ടപ്പെട്ട് ഒരു മനുഷ്യൻ വളരെ നിരാശനായിത്തീർന്നു. അദ്ദേഹം ശാരീരികമായും കഷ്ടപ്പെട്ടു. അത്യാസന്നനിലയിൽ അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന് കടംകൊടുത്തവരെല്ലാം വന്ന് പണം തിരികെ ചോദിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ ബിസിനസ്സ് പാടെ തകർന്നു. നിരാശനായി, ആശുപത്രി കിടക്കയിൽ കിടക്കുന്പോൾ, ശ്രുതിമധുരമായ ഒരു ഗാനം അദ്ദേഹത്തിന്റെ ചെവികളിൽ മാറ്റൊലികൊണ്ടു. അദ്ദേഹം കാതോർത്തു! ‘‘ദൈവം നിങ്ങളെ പരിപാലിക്കും’’ എന്നതായിരുന്നു ആ ഗാനത്തിന്റെ ഒരു വരി. അടുത്തുള്ള ഒരു പള്ളിയിൽ ആരാധന നടക്കുന്ന സമയമായിരുന്നു അത്! അവിടെനിന്നുമാണ് ആ ഗാനം കേട്ടത്! ആ ഗാനം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. അദ്ദേഹം തന്റെ മുറിയിൽനിന്നും വെളിയിൽ ഇറങ്ങി ആ ഗാനം കേട്ട ദിശയിലേക്ക് നടന്നു. പള്ളിയിലെത്തിയ അദ്ദേഹം ഹൃദയം തുറന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. ആ പ്രാർത്ഥന കേട്ട് കർത്താവ്, അദ്ദേഹത്തിന് സന്തോഷവും സമാധാനവും നൽകി! അപ്പോൾ തന്നെ അദ്ദേഹം ശാരീരികസൌഖ്യം പ്രാപിച്ചു. താമസിയാതെ അദ്ദേഹം തന്റെ വ്യവസായം പുനരാരംഭിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ അനുഗ്രഹിച്ചു. എല്ലാ ബന്ധനങ്ങളിൽനിന്നും ദൈവം അദ്ദേഹത്തിന് വിടുതൽ നൽകി. അദ്ദേഹം മറ്റാരുമല്ല, ലോകപ്രശസ്ത സംരംഭകനായ ജെ.സി. പെന്നിയാണ്. ഇന്ന് അമേരിക്കയിലെ 49 സംസ്ഥാനങ്ങളിലായി 1400 കടകൾ അദ്ദേഹത്തിനുണ്ട്. 
പ്രിയ സുഹൃത്തേ, ബിസിനസ്സിൽ സകലവും നഷ്ടപ്പെട്ട് സുഹൃത്തുക്കളാൽ ഉപേക്ഷിക്കപ്പെട്ട്  നിങ്ങൾ നിരാശയിൽ കഴിയുന്നുവോ? ഇന്ന് കർത്താവ് നിങ്ങളോട് ഇപ്രകാരം പറയുന്നു: ‘‘നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു’’ (യെശയ്യാവു 43:4). പ്രശ്നങ്ങളിൽ മുങ്ങിത്താഴുവാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല. നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തുവാൻ കർത്താവിന്  മാത്രമേ സാധിക്കുകയുള്ളൂ. ഒരു മനുഷ്യനും അത് സാദ്ധ്യമല്ല. ജെ.സി. പെന്നി എന്ന സഹോദരനെ അനുഗ്രഹിച്ച ദൈവം നിങ്ങളെയും അനുഗ്രഹിക്കും. കർത്താവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുക! അവൻ നിങ്ങളെ വഴിനടത്തും! 
Prayer:
കർത്താവായ യേശുവേ, 

ഞാൻ കടന്നുപോകുന്ന സാഹചര്യം അങ്ങ് അറിയുന്നുവല്ലോ. അങ്ങയുടെ പൈതലായി എന്നെ രൂപാന്തരപ്പെടുത്തേണമേ. എന്റെ എല്ലാ പ്രശ്നങ്ങളിൽനിന്നും ബന്ധനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ. അങ്ങയുടെ തിരുഹിതത്തിനായി ഞാൻ എന്നെ സമർപ്പിക്കുന്നു. 

അങ്ങ് എന്റെ പ്രാർത്ഥന കേട്ട് ഉത്തരം നല്കുന്നതിനായി സ്തോത്രം!

ആമേൻ.

1800 425 7755 / 044-33 999 000