Loading...
Evangeline Paul Dhinakaran

ജീവൻ നൽകുന്ന ക്രിസ്തു!!

Sis. Evangeline Paul Dhinakaran
12 Sep
ഈ ലോകത്തിൽ നമുക്ക് ജീവൻ നൽകുവാനായി യേശു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്നു. അവൻ ഇപ്രകാരം പറഞ്ഞു: ‘‘യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുന്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു’’ (യോഹന്നാൻ 10:7-10). 

സഹോദരി ശാന്തകുമാരിയുടെ സഹോദരിയെ രണ്ടാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്ന് അവളുടെ രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്തു. അവൾ രക്ഷപെടുകയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. തന്റെ സഹോദരി ഛർദ്ദിക്കുന്നത് കണ്ടപ്പോൾ സഹോദരി ശാന്തകുമാരി വളരെയധികം നിരാശയിലായി. ഉടനെതന്നെ അവർ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലേക്ക് ഫോൺ ചെയ്ത് തന്റെ സഹോദരിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചു. പ്രാർത്ഥനാ പടയാളി അവൾക്കുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിച്ചിട്ട് ഇപ്രകാരം പറഞ്ഞു: ‘‘ദൈവം നിങ്ങളുടെ സഹോദരിയെ ജീവിപ്പിക്കും.’’ ഒരത്ഭുതം സഹോദരി ശാന്തകുമാരിയെ കാത്തിരിപ്പുണ്ടായിരുന്നു. പ്രാർത്ഥനക്കുശേഷം അവൾ തിരികെയെത്തിയപ്പോൾ അവളുടെ സഹോദരിയുടെ ശാരീരികനില സാധാരണ നിലയിൽ എത്തിയിരുന്നു. അവളുടെ സഹോദരി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിന് അവർ ‘‘പോൾ ദിനകരൻ’’ എന്ന് പേരിട്ടു. ഡോക്ടർമാർ ആശക്ക് വകയില്ല എന്ന് പറഞ്ഞുവെങ്കിലും ദൈവം അവളുടെ സഹോദരിയെ ജീവിപ്പിച്ചു. ഹല്ലേലൂയ്യ!!
ഇന്ന് നിങ്ങൾ പ്രത്യാശയറ്റവരായി കാണപ്പെടുന്നുവോ? പ്രത്യാശയുടെ വാതിലായ ക്രിസ്തു തന്റെ ജീവൻ നിങ്ങളിലേക്ക് പകരും. അതെ! പ്രിയപ്പെട്ടവരേ, നിങ്ങളുടെ ഹൃദയഭാരങ്ങൾ അറിയുന്നവനായ കർത്താവ് നിങ്ങളുടെ അരികിൽ ഉണ്ട്. നിങ്ങളുടെ ഭാരങ്ങളും വേദനകളും എന്തുതന്നെ ആയിരുന്നാലും അത്ഭുതങ്ങൾ ചെയ്യുവാൻ ശക്തനായ കർത്താവിന്റെ പാദത്തിങ്കൽ അവയെല്ലാം സമർപ്പിക്കുക. നിങ്ങളോടുള്ള അവന്റെ സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. അവൻ ഇപ്രകാരം നമുക്ക് ഉറപ്പ് നൽകിയിരിക്കുന്നു: ‘‘ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു’’ (യോഹന്നാൻ 10:11). ആയതിനാൽ അധൈര്യപ്പെടാതിരിപ്പിൻ! നാം എന്നേക്കും ജീവിക്കേണ്ടതിനായി അവൻ കുരിശിൽ ത്യാഗമായിത്തീർന്നു! അത്ഭുതങ്ങൾ ചെയ്യുവാൻ ശക്തനായവന്റെ കരങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ! 
Prayer:
പരിശുദ്ധ പിതാവേ, 

എന്നെ രക്ഷിച്ച്, എനിക്ക് അത്ഭുതങ്ങൾ ചെയ്യുവാനായി അങ്ങ് കർത്താവായ യേശു ക്രിസ്തുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചുവല്ലോ. അതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സ്നേഹം വർണ്ണിക്കുവാൻ എനിക്ക് വാക്കുകളില്ല. എന്നെയും എന്റെ എല്ലാ ആവശ്യങ്ങളെയും അങ്ങയുടെ പാദത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങ് എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിറവേറ്റി തരേണമേ. അങ്ങയുടെ തിരുസാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം! 

എന്റെ രക്ഷകനായ യേശു ക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. കൃപയോടെ കേൾക്കേണമേ.

ആമേൻ.

1800 425 7755 / 044-33 999 000